ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി വി.കെ.ശശികല. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് എ.അറുമുഖസാമി കമ്മിഷനോടായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. 2016 സെപ്റ്റംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ല. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിത വളരെ സമ്മര്‍ദത്തിലായിരുന്നുവെന്നും ശശികല പറഞ്ഞു.
അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതായി ശശികല പറയുന്നു. ആശുപത്രിയിലാകുന്നതിന് ഒരാഴ്ച മുന്‍പുതന്നെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും ശശികല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അണ്ണാ ഡിഎംകെ നേതാക്കളായ ഒ.പനീര്‍സെല്‍വവും എം.തമ്പിദുരൈയും ആശുപത്രിയിലെത്തി ‘അമ്മ’യെ കണ്ടിരുന്നു. കൂടാതെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അവരെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആശുപത്രിയില്‍ വച്ച് ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് പനീര്‍സെല്‍വം നേരത്തേ ആരോപിച്ചിരുന്നു.
ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ വച്ചു ബോധം വന്നയുടന്‍ തന്നെ എവിടേക്കു കൊണ്ടുപോകുകയാണെന്നും ചോദിച്ചിരുന്നു. അവരുടെ സമ്മതത്തോടെ തന്നെയാണു വിഡിയോ ചിത്രീകരിച്ചത്. അത്തരത്തിലുള്ള നാലു വിഡിയോകളും കമ്മിഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ശശികല കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.. മൂന്നുമാസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസംബറിലാണു ജയലളിത മരിച്ചത്.