ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഡിഎംകെ.
ആര്‍.കെ. നഗര്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ടി.ടി.വി. ദിനകരന്‍ പക്ഷം ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുന്നത്.
ഡിഎംകെ നേതാവും എംപിയുമായ ടി.കെ.എസ്. ഇളന്‍ഗോപനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മാസത്തിലേറെ ജയലളിത ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ജനങ്ങള്‍ ജയലളിതയുടെ ആരോഗ്യത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ അപ്പോള്‍ ആരും ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ലെന്നും ഇളന്‍ഗോപന്‍ കുറ്റപ്പെടുത്തി.
ജയലളിത ഒരു വലിയ നേതാവായിരുന്നെന്നും, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നിട്ടുകൂടി ആരും ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ലെന്നും, എന്നാല്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തികച്ചും വൃക്തിപരമായ നേട്ടത്തിനു വേണ്ടിയാണെന്നും ഇതു തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നും ഇളന്‍ഗോപന്‍ വ്യക്തമാക്കി.
അതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും ഇളന്‍ഗോപന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ദിനകരന്‍ പക്ഷം ഇന്ന് പുറത്തുവിട്ടത്.