തിരുവനന്തപുരം : അധികാരമേറ്റെടുക്കും മുമ്പ് ത്രിപുരയിലാകെ കലാപത്തിന് തുടക്കം കുറിച്ച സംഘപരിവാര്‍, മതനിരപേക്ഷതയ്ക്ക് മാത്രമല്ല ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുകയാണെന്ന് സി പി എം നേതാവും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായ എം വി ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം.
ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന ഇക്കൂട്ടരെ നിലക്ക് നിര്‍ത്താന്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളായ ജനങ്ങളാകെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കുറിക്കുന്നു.
എം വി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ബംഗാളിലേതുപോലെ
തൃപുരയിലും കമ്മ്യൂണിസ്റ്റ് വേട്ട
=========================
അധികാരമേറ്റെടുക്കും മുമ്പ് ത്രിപുരയിലാകെ കലാപത്തിന് തുടക്കംകുറിച്ച സംഘപരിവാർ, മതനിരപേക്ഷതയ്ക്ക് മാത്രമല്ല ജനാധിപത്യത്തിനും ഭീഷണിയുയർത്തുകയാണ്. സംഘപരിവാറിന്റെ പൂർവ്വകാല ചരിത്രവും ഗതകാലത്ത് സ്വീകരിക്കുന്ന നടപടികളും തിരിച്ചറിയുന്ന ഏതൊരാളും ത്രിപുരയിൽ തുടക്കം കുറിച്ച ഗുണ്ടായിസത്തിൽ ആശ്ചര്യപ്പെടില്ല. സിപിഐ(എം) ഓഫീസുകളും സിപിഐ(എം) പ്രവർത്തകരുടെ വീടുകളുമാണ് നിയമസഭയിൽ ഭൂരിപക്ഷം നേടിയ ഒരു കക്ഷിയുടെ അണികളുടെ നേതൃത്വത്തിൽ ത്രിപുരയിൽ ആരംഭിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റുകാർക്ക് നേരെയാണ് അക്രമമെന്നതുകൊണ്ട് ആഹ്ലാദിക്കുന്ന ചിലരുണ്ടാകാം. എന്നാൽ മാർട്ടിൻ നീമോയ്ള്ളർ എഴുതിയതുപോലെ,
“ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റായിരുന്നില്ല;
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളിയായിരുന്നില്ല;
പിന്നീട് അവർ ജൂതരെ തേടി വന്നു.
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല;
ഒടുവിൽ അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിരുന്നില്ല.”
ഭാവിയിൽ എല്ലാവർക്കുനേരെയും ഇക്കൂട്ടരുടെ ജനാധിപത്യകശാപ്പുണ്ടാകും. ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന ഇക്കൂട്ടരെ നിലക്ക് നിർത്താൻ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളായ ജനങ്ങളാകെ ഒറ്റക്കെട്ടായി അണിനിരക്കണം.
ത്രിപുരയിൽ ബിജെപിയുടെ വിജയം കോൺഗ്രസ്സുകാരുടെയും വിഘടനവാദികളുടെയും വോട്ടുകൊണ്ടാണെന്നാണ് പൊതുവായ വിലയിരുത്തൽ. ഇക്കാര്യത്തിൽ യോജിക്കുന്നവർ ഉന്നയിക്കുന്ന ഒരു ചോദ്യം കോൺഗ്രസ്സുകാരുടെ വോട്ട് ബിജെപിക്ക് ആകർഷിക്കാൻ കഴിയുന്നതുപോലെ എന്തുകൊണ്ട് ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്നാണ്. കോൺഗ്രസ്സിൽ അലിഞ്ഞുചേർന്നതാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം.സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വർഗരാഷ്ട്രീയം ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റുകാർ, കോൺഗ്രസ്സുകാരുടെ കണ്ണിലെ കരടായിരുന്നു. മാത്രമല്ല, കോടികൾ ഒഴുക്കിയാണ് കോൺഗ്രസ്സുകാരെ ബി.ജെ.പി പർച്ചേസ് ചെയ്തതെന്നതും പുറത്തുവന്ന കാര്യമാണ്. സി.പി.ഐ.എമ്മിന് ഇത്തരത്തിലൊഴുക്കാൻ കോടികളുമില്ല, പണാധിപത്യത്തിൽ വിശ്വസിക്കുന്നുമില്ല. കമ്മ്യൂണിസ്റ്റുകാരോട് വിരോധവും ബിജെപിയോട് ആഭിമുഖ്യവും കോൺഗ്രസ്സുകാരിലുണ്ടാവുന്നതിന് മറ്റൊരുകാരണം കോൺഗ്രസ് സ്വീകരിച്ചുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ്. തീവ്രഹിന്ദുത്വവാദികൾക്ക് തീവ്രവർഗീയവിരുദ്ധനിലപാടുകാരോട് ശക്തമായ എതിർപ്പ് സ്വാഭാവികം. മൃദുഹിന്ദുത്വനിലപാടുകാർ സംഘപരിവാറിന്റെ ഇരട്ടകളാണ്. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയായി മാറുന്നത്. ഈ ഒഴുക്ക് തടയണമെങ്കിൽ ഉറച്ച വർഗീയവിരുദ്ധ നിലപാട് കോൺഗ്രസ് സ്വീകരിക്കണം.
– എം.വി. ജയരാജൻ