കന്നഡയിലേക്ക് അരങ്ങേറാൻ ജയറാം, എത്തുന്നത് നായകനൊപ്പം ശക്തനായ വില്ലൻ വേഷത്തിൽ

കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയറാം. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടൻ കന്നഡയിലേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ എം ജി ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. വില്ലൻ വേഷത്തിലാണ് ജയറാം എത്തുന്നത്. ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ദിവസങ്ങൾക്കു മുൻപാണ് ജയറാമുമായി ചർച്ച നടത്തിയതിനെക്കുറിച്ച് ശ്രീനിവാസ് ആരാധകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം ചിത്രത്തിൽ എത്തിയത് സ്ഥിരീകരിച്ചത്. കാണുമ്പോഴെല്ലാം ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഒടുവിൽ അത് ഗോസ്റ്റിലൂടെ സംഭവിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനി പറഞ്ഞു.

‘സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലൻ ഉണ്ടാകും. എന്നാൽ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്. ജയറാമിന്റെ വേഷം അത്യധികം ശക്തമാണ്. ശിവരാജ്കുമാറിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകൻ പറയുന്നത്. ഒക്‌ടോബർ അവസാനം ബംഗളൂരുവിലെ ലൊക്കേഷനിൽ ജയറാം ചേരുമെന്നും വ്യക്തമാക്കി.

ജയറാം ഒരു നല്ല സുഹൃത്താണെന്നും പരസ്പരം ആരാധിക്കുന്നവരാണെന്നും നടൻ ശിവരാജ് കുമാർ പറഞ്ഞു. അദ്ദേഹം തന്റെ അഭിനയത്തിൽ കോമഡിയും മനോഹരമായി സംയോജിപ്പിക്കുന്നു, അതിനെ ഞാൻ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ഗോസ്റ്റിൽ പ്രവർത്തിക്കാൻ വളരെ ആവേശത്തിലാണ് താനെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ​ഗോസ്റ്റിന്റെ പൂജ നടന്നത്.

Top