ചെന്നൈ: ലോക്‌സഭാ, നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഒറ്റ തിരഞ്ഞെടുപ്പ് ആശയത്തെ എതിര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഒറ്റ തിരഞ്ഞെടുപ്പ് വഴി ഭരണകര്‍ത്താക്കളെ വിലയിരുത്താനുള്ള അവകാശം റദ്ദാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇപ്പോള്‍ പിന്തുടരുന്ന രീതിയില്‍ നിന്നുമുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം തിരഞ്ഞെടുപ്പ് രീതിയെ തകര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒറ്റ തിരഞ്ഞെടുപ്പ് വഴി ഒരാളെ തിരഞ്ഞെടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് മിണ്ടാനാവില്ല. നമ്മുടെ ശബ്ദം തിരഞ്ഞെടുപ്പിലൂടെയാണ് പ്രകടിപ്പിക്കാനാവുകയെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒറ്റ തെരഞ്ഞെടുപ്പിനെ സമാജ് വാദി പാര്‍ട്ടി (എസ്.പി)യും തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്)യും അനുകൂലിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, സി.പി.ഐ, മുസ്‌ലിംലീഗ്, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ഈ ആശയത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.