കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി പ്രതീക്ഷിക്കുന്നു: ജയശങ്കര്‍

ഡല്‍ഹി: കഴിഞ്ഞ വര്‍ഷം യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും നടന്ന ആക്രമണങ്ങളില്‍ പ്രതികള്‍ക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ടി.വി 9 നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജയശങ്കര്‍ പറഞ്ഞു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് അതിക്രമിച്ച് കയറിയവര്‍ക്കെതിരേയും കാനഡയില്‍ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേയും നടപടി പ്രതീക്ഷിക്കുന്നു.കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് തങ്ങള്‍ക്ക് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. കാനഡയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു നീക്കം. എന്നാല്‍, ഇന്ന് വിസ പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ നിലയിലാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനും ചോദ്യം ചെയ്യാനും സാധിക്കില്ല. എംബസികളിലേക്ക് സ്‌മോക് ബോംബെറിയുന്നതും സൗഹൃദപരമായി നിലകൊള്ളുന്ന ഒരു രാജ്യത്തെ ആക്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്.ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്.

യു.കെയിലും സമാനമായ രീതിയിലുള്ള ആക്രമണങ്ങളുണ്ടായി. തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച സംരക്ഷണം വിഷത്തിലുണ്ടായില്ല. അതേസമയം, നിലവില്‍ യു.കെയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ യു.എസും ഓസ്ട്രേലിയയും ഉറച്ച നിലപാടെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top