സാമൂഹിക അകലം, ഡി.ഐ.ജിയുടെ വീഡിയോ ഏറ്റെടുത്ത് നടന്‍ ജയസൂര്യ

കൊച്ചി: ലോക്ക് ഡൗണ്‍ കാലത്തെ പൊലീസുകാരുടെ കഷ്ടപ്പാടുകള്‍ തുറന്ന് കാട്ടുന്ന വീഡിയോ ഷെയര്‍ ചെയ്ത് നടന്‍ ജയസൂര്യ.

തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ അഭിനയിച്ച വീഡിയോയാണ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ജയസൂര്യ ഷെയര്‍ ചെയ്ത് അനുഭാവം പ്രകടിപ്പിച്ചിരിക്കുന്നത്.

കൊലയാളി വൈറസിനെ പേടിച്ച് ലോകം തന്നെ വീട്ടിലിരിക്കുമ്പോള്‍ കര്‍മ്മനിരതരായി ഓടി നടക്കുന്ന പൊലീസുകാരുടെ കഷ്ടപ്പാടുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്നതിനാണ് ഡി.ഐ.ജി ഇത്തരമൊരു ‘സാഹസ’ത്തിന് മുതിര്‍ന്നിരിക്കുന്നത്. സ്വന്തം വീട്ടില്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന പൊലീസ് ഓഫീസറുടെ അടുത്തേക്ക് മക്കള്‍ ഓടി വരുമ്പോള്‍ അകന്ന് നില്‍ക്കാന്‍ പറയുന്ന ദൃശ്യമാണ് 24 സെക്കന്റുള്ള ഈ വീഡിയോയിലുള്ളത്. വൈറസ് ബാധയെ കുറിച്ച് പൊലീസ് ഓഫീസര്‍ക്കുള്ള ബോധമാണ് ഇവിടെ സമൂഹത്തിന് അദ്ദേഹം പകര്‍ന്നു നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ അഭിനയിച്ചതും സംവിധാനം ചെയ്തതുമെല്ലാം ഡി.ഐ.ജിയും കുടുംബവുമാണ്.

അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് പുനര്‍വിചിന്തനത്തിന് പ്രേരകമാകുന്ന വീഡിയോ കൂടിയാണ് ഇതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായ വീഡിയോ പൊലീസ് സേനാംഗങ്ങളും ഏറ്റെടുത്തിട്ടുണ്ട്. കാക്കിയുടെ കഷ്ടപ്പാടുകള്‍ ചിത്രീകരിച്ചതിന് ഒരു വലിയ സല്യൂട്ട് തങ്ങള്‍ സഞ്ജയ് സാറിന് നല്‍കുന്നതായാണ് പൊലീസുകാരും പറയുന്നത്.

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥത ഉയര്‍ന്നപ്പോള്‍ അവരുടെ കേന്ദ്രത്തില്‍ നേരിട്ട് പോയി സാന്ത്വനിപ്പിച്ചതും ഡി.ഐ.ജി സഞ്ജയ് ഗരുഡിന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരാണ്. കോട്ടയം പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്തരമൊരു നീക്കം. ഉത്തരേന്ത്യക്കാരായ ഐ.പി.എസുകാരുടെ സേവനം ഏറ്റവും അധികം കേരളത്തിന് ഉപകാരപ്പെട്ട ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. യു.പി. സ്വദേശിയായ സഞ്ജയ് കുമാര്‍ ഗരുഡിന്‍ നിലവില്‍ തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയാണ്. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സഞ്ജയ് രചിച്ച പുസ്തകം വിദേശത്ത് പോലും വലിയ പ്രചാരം നേടിയിട്ടുള്ളതാണ്.

Top