പതിനഞ്ചിലേറെ ഭാഷകളിൽ വിസ്മയിപ്പിക്കാൻ ‘കത്തനാർ’; ജയസൂര്യ ചിത്രത്തിന്റെ റിലീസ് വിവരം എത്തി

ഥാപാത്രങ്ങൾക്കായി ഏത് അറ്റംവരെയും പോകുന്ന ചില അഭിനേതാക്കൾ ഉണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മലയാളികളുടെ പ്രിയതാരം ജയസൂര്യ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ജയസൂര്യ നടത്തുന്ന മേക്കോവറുകൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്. അത്തരത്തിൽ ജയസൂര്യയുടെ മാസ്മരിക പ്രകടനത്തിന് വഴിയൊരുക്കുന്ന സിനിമയാണെന്ന് ഏവരും വിധിയെഴുതുന്ന ചിത്രമാണ് കത്തനാർ. പ്രഖ്യാപനം മുതൽ ജനശ്രദ്ധനേടിയ ചിത്രം റോജിൻ തോമസ് ആണ് സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമാണ് കത്തനാർ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ഐഎംഡിബി റിപ്പോർട്ട് പ്രകാരം ജയസൂര്യ ചിത്രത്തിന്റെ ബജറ്റ് 75 കോടിയാണ്. ഈ വർഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമകളിൽ ഒന്നുകൂടിയാണ് കത്തനാർ. സിനിമ ഈ വർഷം ക്രിസ്മസിനോ അതിന് മുന്നെയോ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം.

2023 ഏപ്രിൽ അഞ്ചിന് ആയിരുന്നു കത്തനാരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 200 ദിവസത്തെ ഷൂട്ടാണ്. ശേഷം ഇതേ വർഷം ജൂണിൽ ആദ്യ ഷെഡ്യൂൾ പൂർത്തി ആക്കുകയും ചെയ്തിരുന്നു. പിന്നാലെ നവംബറിൽ മൂന്നാം ഷെഡ്യൂളും ആരംഭിച്ചിരുന്നു. അന്ന് 150 ദിവസത്തെ കൂടി ഷൂട്ട് ഉണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് കത്തനാരിനായി തയ്യാറാക്കിയത്.

അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ രാമാനന്ദ് ആണ്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് കത്തനാർ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ത്രീഡിയിൽ രണ്ട് ഭാ​ഗമായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ്.

Top