കാര്യം ‘സാധിച്ചപ്പോൾ’ തനിനിറം കാട്ടി അറബി, മാധ്യമങ്ങൾക്കെതിരെയും രോഷം

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. മാധ്യമങ്ങള്‍ നടത്തുന്നത് നുണ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു.

ഇതിനിടെ ബിനോയ് കോടിയേരിയുടെ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി. ബിനോയ് കോടിയേരി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. യാത്രാവിലക്കിന് കാരണമായ 1.72 കോടി രൂപ ജാസ് ടൂറിസം കമ്പനി ഉടമ മര്‍സൂഖിക്ക് കൈമാറിയതോടെയാണ് കേസ് ഒത്തുതീര്‍ന്നത്. മര്‍സൂഖി കേസ് സ്വയം പിന്‍വലിക്കുകയായിരുന്നുവെന്നും ബിനോയ് പറഞ്ഞു.

ദുബായ് യാത്രാവിലക്കിന് കാരണമായ കേസ് ഒത്തുതീര്‍ക്കുന്നതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെ ഉയര്‍ന്ന ആരോപണം. 60,000 ദിര്‍ഹം പിഴ അടക്കാന്‍ കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചിരുന്നു. കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ ഈ മാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

Top