സുധാകരന് അപ്രതീക്ഷിത തിരിച്ചടി, ജെബി മേത്തർ രാജ്യസഭയിലേക്ക് . . .

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ് തീരുമാനം പ്രഖ്യാപിച്ചത്. ജെബി മേത്തര്‍, എം ലിജു, ജയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാന്റ് പരിഗണിച്ചിരുന്നത്. ഈ തീരുമാനം കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന് വന്‍ തിരിച്ചടിയാണ്.

അതേസമയം, ഇടതുപക്ഷത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്‌കുമാര്‍ എന്നിവര്‍ ഇതിനകം തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാര്‍ത്ഥികളാക്കിയത്. ഇതേ മാതൃക തന്നെയാണ് കോണ്‍ഗ്രസ്സും ഇപ്പോള്‍ പിന്‍തുടര്‍ന്നിരിക്കുന്നത്. മുസ്ലീം വനിതയെ തന്നെ രംഗത്തിറക്കിയത് കേരളത്തിലും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കു കൂട്ടല്‍.

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും ധാരണയിലെത്തിയിരുന്നില്ല. എം ലിജുവിനൊപ്പമാണ് കെ സുധാകരന്‍ രാഹുല്‍ഗാന്ധിയെ കണ്ടത്. തൊട്ടുപിന്നാലെ എം ലിജുവിനെതിരെ കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ രംഗത്തെത്തി.

കെ സുധാകരന്റെ നോമിനി എം ലിജുവടക്കം അടുത്തകാലത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ ആരെയും പരിഗണിക്കരുതെന്നാണ് കെ സി വേണുഗോപാലിന്റെയും എ ഗ്രൂപ്പിന്റെയും ആവശ്യം. കെ മുരളീധരനും ഇതേ നിലപാടാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരന്‍ ഹൈക്കമാന്റിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Top