‘ദേവഗൗഡ, സികെ നാണു വിഭാഗങ്ങളുമായി സഹകരിക്കില്ല’; ഒറ്റയ്ക്ക് നിൽക്കാൻ ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം: ഒറ്റയ്ക്ക് നിൽക്കാൻ ജെഡിഎസ് കേരള ഘടകം. എച്ച് ഡി ദേവഗൗഡയുമായും സികെ നാണുവുമായും സഹകരിക്കില്ലെന്ന് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ ആണ് തീരുമാനം. എന്നാൽ പാര്‍ട്ടി ചിഹ്നത്തിലും കൊടിയിലും ഇപ്പോഴും സംസ്ഥാന ഘടകത്തിന് ധാരണയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാന ജെഡിഎസ് നേതൃത്വത്തെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർക്ക് സികെ നാണു കത്ത് നൽകിയിരുന്നു. എച്ച് ഡി ദേവ ഗൗഡയെ പുറത്താക്കിയ ശേഷം താനാണ് പാർട്ടിയുടെ പുതിയ അധ്യക്ഷനെന്നാണ് സികെ നാണു അറിയിച്ചത്. എൻഡിഎ വിരുദ്ധ നിലപാടുള്ള ജെഡിഎസ് തങ്ങളുടേതാണ്. അല്ലാത്തവർക്ക് എൽഡിഎഫിൽ സ്ഥാനമില്ലെന്നും നാണു വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ജെഡിഎസ് കേരള ഘടകത്തിന് തങ്ങളുടെ നിലപാടിൽ അടിയന്തിരമായി തീരുമാനം എടുക്കേണ്ടി വന്നത്. പുതിയ നീക്കത്തിലൂടെ തത്കാലം എൽഡിഎഫിൽ ഉയര്‍ന്ന പ്രതിസന്ധി മറികടക്കാമെങ്കിലും പാര്‍ട്ടി ചിഹ്നവും കൊടിയും നിയമസഭാംഗത്വവും അടക്കമുള്ളവ വരും നാളുകളിൽ കൂടുതൽ പ്രതിസന്ധിയാകും.

Top