ഭിന്നത മാറാതെ ജെഡിഎസ് കേരള നേതൃത്വം; ദേശീയ ബന്ധം ഉപേക്ഷിക്കുന്നതിൽ തർക്കം

തിരുവനന്തപുരം : ദേശീയ നേതൃത്വം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്കൊപ്പം സഖ്യപ്രഖ്യാപനം നടത്തിയതിനെ തുടർന്ന് കേരള നേതൃത്വത്തിലുള്ള ഭിന്നത തീരുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലും നേതാക്കൾക്കിടയിൽ ഭാവിയെക്കുറിച്ച് വ്യക്തമായ തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. ദേശീയ ബന്ധം ഉപേക്ഷിക്കുന്നതിലാണ് തർക്കം നിലനിൽക്കുന്നത്.

ഈ രീതിയിൽ മുന്നോട്ട് പോവുക പ്രയാസമാണെന്നും കേരളം വിട്ടാൽ പാർട്ടി ബിജെപിക്കൊപ്പം എന്നത് പ്രതിസന്ധിയാണെന്നും സികെ നാണു പറഞ്ഞു. പുതിയ പാർട്ടി വേണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി കൃഷ്ണൻകുട്ടിക്കും എംഎൽഎ മാത്യു ടി തോമസിനും മറിച്ചൊരു അഭിപ്രായമായിരുന്നില്ല. അസാധാരണ സ്ഥിതിയാണ് നിലവിലേതെന്ന് ഇരുവരും പറഞ്ഞു. എംഎൽഎ സ്ഥാനമല്ല പ്രശ്നമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.

ദേശീയ തലത്തിൽ തന്നെ ബദൽ നീക്കത്തിനും പാർട്ടി നേതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്നും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനത്തിലെത്താൻ കഴിയാതെയാണ് യോഗം പിരിഞ്ഞത്.

Top