പട്ന: ബീഹാര്‍ മുഖ്യമന്ത്രി ആകാന്‍ തനിക്ക് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് നിതീഷ് കുമാര്‍.സമ്മര്‍ദ്ദത്തിന്റെ പുറത്താണ് മുഖ്യമന്ത്രി പദവി ഏറ്റെടുത്തതെന്നും നിതീഷ് പറഞ്ഞു.
‘എനിക്ക് മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ആര്‍ക്കും മുഖ്യമന്ത്രിയാകാം, ആരെയും മുഖ്യമന്ത്രിയാക്കാം, എനിക്ക് കുഴപ്പമില്ല,” നിതീഷ് കുമാര്‍ വ്യക്തമാക്കി.
നേരത്തെ ജെ.ഡി.യു അധ്യക്ഷസ്ഥാനം നിതീഷ് കുമാര്‍ ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ബീഹാറില്‍ വീണ്ടും ഭരണം കിട്ടിയെങ്കിലും ബി.ജെ.പിയുടെ കടുത്ത നിയന്ത്രണവും സമ്മര്‍ദ്ദവും നിതീഷിന് മേല്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായതും ജെ.ഡി.യുവിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അരുണാചലില്‍ ആകെയുള്ള ഏഴ് എം.എല്‍.എമാരില്‍ ആറ് പേരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതും ജെ.ഡി.യുവിന് വലിയ ക്ഷീണമായിട്ടുണ്ട്.
അതേസമയം, നിതീഷിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാമചന്ദ്രപ്രസാദ് സിംഗ് ആണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. 2019 ല്‍ മൂന്നു വര്‍ഷത്തേക്ക് നിതീഷിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയസമവാക്യങ്ങളാണ് അധ്യക്ഷസ്ഥാനത്തേക്ക് ആര്‍.സി.പി സിംഗിനെ അവരോധിക്കുന്നതിന് പിന്നില്‍.
ഇതുവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു ആര്‍.സി.പി സിംഗ്. നിതീഷ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയും 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്നു.