ന്യൂഡല്‍ഹി: ടെക്‌സ്റ്റൈല്‍ മന്ത്രിയായി പുതുതായി നിയമിക്കപ്പെട്ട സ്മൃതി ഇറാനിക്കെതിരേ വിവാദ പരാമര്‍ശവുമായി ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ അലി അന്‍വര്‍.
ഇറാനിയെ ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രിയാക്കിയത് നല്ലതാണ്, അവരുടെ ശരീരം മറയ്ക്കാന്‍ അതുപകരിക്കും എന്നായിരുന്നു അലി അന്‍വറിന്റെ പ്രസ്താവന. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എന്നാല്‍, തന്റെ വാക്കുകളിലെ ദ്വയാര്‍ഥം മനസിലാക്കിയ അലി അന്‍വര്‍ ഇന്ത്യയിലെ ജനങ്ങളെ മുഴുവനായാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് തിരുത്തി.
കഴിഞ്ഞ ആഴ്ച മന്ത്രിസഭാ പുനഃസംഘടനയ്ക്കുപിന്നാലെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിലും മോദി സര്‍ക്കാര്‍ മാറ്റംവരുത്തിയിരുന്നു. സ്മൃതി ഇറാനിയെ കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍നിന്നും മാറ്റിയാണ് ടെക്‌സ്റ്റൈല്‍ വകുപ്പ് നല്കിയത്. കഴിഞ്ഞ വര്‍ഷം ദക്ഷിണേന്ത്യന്‍ സ്ത്രീകളുടെ നിറത്തെക്കുറിച്ച് ജെഡിയു നേതാവ് ശരത് യാദവ് രാജ്യസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ സ്മൃതി ഇറാനി ശക്തമായി രംഗത്തെത്തിയിരുന്നു.