ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും, യുഡിഎഫ് സമരങ്ങള്‍ ശക്തമല്ലെന്ന വാദം തെറ്റ്‌; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യുഡിഎഫ് വിട്ട് ആരും പുറത്തു പോകില്ല. ജെഡിയു ഇതുവരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യുഡിഎഫിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സമരങ്ങള്‍ ശക്തമല്ലെന്ന ജെഡിയു വാദം ശരിയല്ലെന്നും അക്രമ സമരങ്ങളല്ല പാര്‍ട്ടി നയമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഇടതുമുന്നണിയുമായി പലവട്ടം ചര്‍ച്ച നടന്നെന്നു ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവ് ആയി കാണുന്നെന്നും യുഡിഎഫില്‍ മുന്നണിബന്ധത്തെ ഓര്‍ത്തു പലതും വിഴുങ്ങേണ്ട അവസ്ഥയാണെന്നും ചാരുപാറ രവി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ജെഡിയുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന.

Top