രാജസ്ഥാന്‍: പല നിയമങ്ങളും എല്ലാ സംസ്ഥാനങ്ങളും പുറപ്പെടുവിക്കാറുണ്ട്. അത് പക്ഷെ ജനങ്ങള്‍ക്കും ഉപകാര പ്രദമുള്ളവയായിരിക്കും. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് നിരോധനം. ഇത്തരം നിയമങ്ങള്‍ സ്വാഭാവികം. എന്നാല്‍ വിചിത്രമായൊരു നിയമവുമായി വന്നിരിക്കുകയാണ് രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്.
ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഓഫീസില്‍ എത്തരുതെന്നാണ് ഉദ്യോഗസ്ഥരോട് രാജസ്ഥാന്‍ തൊഴില്‍ വകുപ്പിന്റെ ഉത്തരവ്. ജൂണ്‍ 21 നാണ് ലേബര്‍ കമ്മീഷണര്‍ ഗിരിരാജ് ഖുഷ്‌വാഹ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇത് വളരെ അസഭ്യമായ വസ്ത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിന്റെ നടപടി.
ചില ഓഫീസര്‍മാരും ജീവനക്കാരും ജീന്‍സും ടീഷര്‍ട്ടും പോലുള്ള മോശം വസ്ത്രം ധരിച്ചാണ് ജോലിസ്ഥലത്ത് വരുന്നത്. ഇത് ഓഫീസിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ല. സഭ്യമായ വസ്ത്രങ്ങളായ പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ഇനിമുതല്‍ ഓഫീസിലെത്തിയാല്‍ മതിയെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ സര്‍ക്കുലറിനെതിരെ രാജസ്ഥാന്‍ തൊഴിലാളി സംഘടന രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് ജീന്‍സും ടീഷര്‍ട്ടും മാന്യമല്ലാത്ത വസ്ത്രമാകുന്നതെന്നാണ് ഇവരുടെ ചോദ്യം. സംസ്ഥാനത്ത് ഇങ്ങനെയൊരു തൊഴില്‍ നിയമം നിലനില്‍ക്കുന്നില്ലെന്നും സംഘടന പ്രസിഡന്റ് ഗജേന്ദ്ര സിങ് വാദിച്ചു. അതേസമയം, മുമ്പും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അന്ന് എല്ലാവരും അത് അനുസരിച്ചുവെന്നുമാണ് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കുന്നത്.