ചണ്ഡിഗഡ്: ആരോഗ്യ പ്രവർത്തകർക്ക് ഡ്രസ് കോഡുമായി ഹരിയാന സർക്കാർ. ആശുപത്രിയിൽ വരുമ്പോൾ അധികം ആഭരണങ്ങൾ ധരിക്കരുതെന്നും ഭംഗിയുള്ള ഹെയർസ്‌റ്റൈലുകൾ വേണ്ടെന്നുമാണ് സർക്കാർ നിർദേശം. നഖം നീട്ടിവളർത്തുന്നതിനും മേക്കപ്പിടുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കിടയിൽ അച്ചടക്കവും ഏകത്വവും സമത്വവും നിലനിർത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.
പുരുഷന്മാർ മുടി കോളറിന്റെ നീളത്തിൽ വളർത്തരുതെന്ന് നിർദേശമുണ്ട്. ഏതെങ്കിലും നിറത്തിലുള്ള ജീൻസ്, ഡെനിം സ്‌കർട്ട്, ഡെനിം വസ്ത്രങ്ങൾ എന്നിവ പ്രൊഫഷണൽ വസ്ത്രങ്ങളായി കണക്കാക്കില്ല. അവ ധരിച്ചുവരരുതെന്നും അനിൽ വിജ് വ്യക്തമാക്കി. മുഴുവൻ സമയവും ഡ്രസ് കോഡ് നിർബന്ധമായും പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രസ് കോഡ് പാലിക്കാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അങ്ങനെയുള്ള ജീവനക്കാരനെ അന്നേ ദിവസം ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗാർഥികൾ അവരുടെ നെയിം ബാഡ്ജ് നിർബന്ധമായും ധരിച്ചിരിക്കണം. ഓരോ ജീവനക്കാരനും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും ശുചിത്വം പാലിക്കുകയും ചെയ്യണം.