ജിദ്ദ: ജിദ്ദയില്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് പുതിയ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇതിനായുള്ള നിര്‍ദ്ദേശം നല്‍കിയതായി മക്ക ഗവര്‍ണ്ണര്‍ പറഞ്ഞു.
ബസമാത്ത് ജിദ്ദ പാര്‍ക്ക് എന്ന പദ്ധതി ജിദ്ദയിലെ പുതിയ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായാണ് നിര്‍മ്മിക്കുന്നത്. വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ നുസ്ഹ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. പാര്‍ക്കിനുള്ള നിര്‍ദേശം നല്‍കിയതായി മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു.
നിലവില്‍ ഇവിടെ അഞ്ച് വ്യവസായ എസ്റ്റേറ്റുകളുണ്ട്.ആറ് ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ബസമാത്ത് ജിദ്ദ എന്ന പാര്‍ക്ക് സ്ഥാപിക്കുന്നത്.ഇതിന് അഞ്ച് സ്തൂപങ്ങളുണ്ടായിരിക്കും. ഇവ ഇസ്ലാം മതത്തിലെ അഞ്ച് സ്തൂപങ്ങളെ പ്രതിനിധാനം ചെയ്യും. ഈ തൂണുകളില്‍ 19 മീറ്റര്‍ ഉയരത്തില്‍ ലേസര്‍ ബീമുകള്‍ സ്ഥാപിക്കും. അറബിയിലും ഇംഗ്ലീഷിലുമായി ജിദ്ദ എന്ന് ആലേഖനം ചെയ്ത കൂറ്റന്‍ സ്തൂപങ്ങളുമുണ്ടാകും. 20,000 ത്തിലധികം മരങ്ങളും 75 പനമരങ്ങളും നട്ട് പിടിപ്പിക്കും. 176,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് പുല്ലുകള്‍ വെച്ച് പിടിപ്പിച്ച് പാര്‍ക്കിന് മോടി കൂട്ടും.
ജിദ്ദയില്‍ പാര്‍ക്കിനെ സംബന്ധിച്ചുള്ള മീറ്റിംഗില്‍ വിശദീകരിക്കുകയായിരുന്നു പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍. മക്ക ഗവര്‍ണറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ജിദ്ദ മുന്‍സിപ്പാലിറ്റി സ്വീകരിച്ച പുതിയ കെട്ടിട നിര്‍മ്മാണ വ്യവസ്ഥക്കനുസൃതമായിട്ടാണ് പാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്.