ജെ.ഇ.ഇ; അപേക്ഷ സമര്‍പ്പിക്കല്‍ മേയ് 24 വരെ നീട്ടി

ന്യൂഡല്‍ഹി: ജെ.ഇ.ഇ (മെയിന്‍) 2020ല്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ മേയ് 24 വരെ അവസരമുള്ളതായി അധികൃതര്‍ അറിയിച്ചു. പുതിയ അപേക്ഷ സമര്‍പ്പിക്കാനും നിലവിലെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനും അവസരമുണ്ട്. നേരത്തെ വിദേശത്തെ പഠനം ആഗ്രഹിച്ചിരുന്ന വിദ്യാര്‍ഥികള്‍ കോവിഡ് മൂലം ഇന്ത്യയില്‍തന്നെ തുടരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവര്‍ക്കു കൂടി അവസരം നല്‍കുന്നതിനാണ് അപേക്ഷ തീയതി ഈ മാസം 24 വരെ നീട്ടിയതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു.

അപേക്ഷ 24ന് വൈകീട്ട് അഞ്ചു മണിവരെയും ഫീസ് അന്ന് രാത്രി 11.50 വരെയും സ്വീകരിക്കും. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/യു.പി.ഐ/പേഡിഎം ആപ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ച് ഫീസ് അടക്കാം. എന്‍.ടി.എ നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാം വഴിയാണ് രാജ്യത്തെ എന്‍.ഐ.ടികളും മറ്റ് എന്‍ജിനീയറിങ് കോളജുകളും അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.nic.in എന്ന എന്‍.ടി.എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Top