ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ദൃശ്യം’ ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോള്‍ ഹോളിവുഡിലും ആവശ്യക്കാരുണ്ട്. കൊറിയന്‍ റീമേയ്ക്കിന് ശേഷം ‘ദൃശ്യം’ ഹോളിവുഡില്‍ നിര്‍മ്മിക്കുന്നതിന് പനോരമ സ്റ്റുഡിയോസ് ഗള്‍ഫ് സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസിനും കൈ കൊടുത്തിരിക്കുകയാണ്.
‘ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാര്‍ത്ഥ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്. ‘ദൃശ്യം എന്ന സിനിമയ്ക്ക് ഒരു സമര്‍ത്ഥമായ ആഖ്യാനമുണ്ട്, അതിന് ലോകമെമ്പാടും കാഴ്ചക്കാരുമുണ്ട്. എല്ലാത്തരം പ്രേക്ഷകര്‍ക്കൊപ്പം ഈ കഥ ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഹോളിവുഡിനായി ഇംഗ്ലീഷില്‍ ഈ കഥ സൃഷ്ടിക്കാന്‍ ഗള്‍ഫ്‌സ്ട്രീം പിക്‌ചേഴ്‌സും JOAT ഫിലിംസുമായും സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 10 രാജ്യങ്ങളില്‍ ദൃശ്യം നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’, പനോരമ സ്റ്റുഡിയോസിന്റെ എം ഡി കുമാര്‍ മംഗത് പഥക് പറഞ്ഞു.
രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷ തകര്‍ക്കാതെ ഒന്നാം ഭാഗത്തിനോട് നീതി പുലര്‍ത്തിയാണ് ‘ദൃശ്യം 2’ പ്രേക്ഷകര്‍ സ്വീകരിച്ചത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍ മുഖ്യകഥാപാത്രമായ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചത്.ദൃശ്യം ഇന്ത്യയില്‍ തന്നെ പല ഭാഷകളില്‍ റീമേയ്ക്ക് ചെയ്ത സിനിമയാണ്. എല്ലായിടത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.