ദൃശ്യം 2ന് ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ’12ത് മാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നു.ദൃശ്യം മൂന്നാം ഭാഗത്തിന് മുമ്പ് തന്നെ മിസ്റ്ററി ത്രില്ലര്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജീത്തു ജോസഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നിഗൂഢതയുടെ ഇരുട്ടിലൂടെ വലതുതോള്‍ ചരിച്ച് നീങ്ങുന്ന മോഹന്‍ലാലിന്റെ പിറകുവശമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിഴലുകളുടെ മറനീക്കി എന്ന ടാഗ്ലൈനും ടൈറ്റിലിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ അനില്‍ ജോണ്‍സണിന്റേതാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. വി.എസ് വിനായക് ആണ് 12ത് മാന്റെ എഡിറ്റര്‍.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിക്ക് മുന്‍പു തന്നെ 12ത് മാന്റെ ചിത്രീകരണം ആരംഭിക്കും. അതേ സമയം, ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റാം എന്ന മറ്റൊരു മലയാളചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.