ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹരിതയാത്രയില്‍ കാര്‍ബണ്‍ രഹിത വാഹനങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നും ഉടന്‍ തന്നെ ഇലക്ട്രിക് വാഹനം സ്വന്തമാക്കുമെന്നും നടന്‍ ടൊവിനോ തോമസ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, താരത്തിന് മുമ്പ് തന്നെ പ്രകൃതി സൗഹാര്‍ദ വാഹനങ്ങളിലേക്ക് മാറിയിരിക്കുകയാണ് സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ്.
ഒന്നല്ല, ടൂ വീലറും ഫോര്‍ വീലറുമായി രണ്ട് വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്.യു.വിയായ എം.ജി. ZS ഇലക്ട്രിക്കും, ടി.വി.എസ്. ഐ-ക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് അദ്ദേഹത്തിന്റെ വാഹനനിരയില്‍ ഇടംനേടിയിട്ടുള്ളത്. “വലിയ ലക്ഷ്യത്തിനായി പ്രകൃതി സൗഹാര്‍ദമാവുക” എന്ന തലക്കെട്ടോടെ അദ്ദേഹം തന്നെയാണ് തന്റെ ഇലക്ട്രിക് വാഹനങ്ങളുടെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.
എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിലാണ് എം.ജിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 20.99 ലക്ഷവും 24.18 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് സംവിധായകന്‍ സ്വന്തമാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല. 2020 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈ വാഹനം ഈ വര്‍ഷം ആദ്യം സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയിരുന്നു.
ഐ.പി6 സര്‍ട്ടിഫൈഡ് 44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 141 ബി.എച്ച്.പി. പവറും 353 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. 419 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. സ്റ്റാൻഡേർഡ് ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ന്യൂജനറേഷന്‍ സ്‌കൂട്ടറുകളുടെ ഫീച്ചറുകളുമായി എത്തിയ ഇലക്ട്രിക് മോഡലാണ് ടി.വി.എസ്. ഐ ക്യൂബ്. സ്മാര്‍ട്ട് എക്സോനെക്ട് പ്ലാറ്റ്‌ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയവയാ ണ് ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്.
കരുത്തിലും പ്രകടനത്തിലും ഒരു 125 സി.സി. സ്‌കൂട്ടറിനോട് കിടപിടിക്കുന്ന മോഡലാണ് ഐക്യൂബ്. 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.