‘കോഴിയെ പോത്താക്കിയ മഹാസംവിധാനം’; മലയാള സിനിമയിലെ കോപ്പിയടി

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം പേരെടുത്ത സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ജെല്ലിക്കട്ട്’. ചിത്രം തിയ്യേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സിനിമ ഒരു കോപ്പിയടി ചിത്രമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു പ്രേക്ഷക.

സുധ രാധിക എന്ന യുവതിയുടെ ഫെയ്‌സ് ബുക്കിലാണ് ജെല്ലിക്കെട്ടിനെ കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോക പ്രശസ്ത ബ്രസീലിയന്‍ ചിത്രം ‘സിറ്റി ഓഫ് ഗോഡി’ലെ ഒരു രംഗം പോസ്റ്റ് ചെയ്തു കൊണ്ടാണ് കുറിപ്പ്. അറുക്കാന്‍ പിടിച്ച ഒരു കോഴി ചാടിപ്പോകുന്നതും അതിനെ പിന്തുടര്‍ന്ന് ആളുകള്‍ ഓടുന്നതുമാണ് ആ രംഗത്തിലുള്ളത്.

സുധ രാധികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

വിശ്വവിഖ്യാത സംവിധായകനായ’ ഒരാള്‍ കോപ്പിയടിച്ച് റാങ്ക് വാങ്ങുന്നത് കാണികള്‍ക്ക് ഒകെ, പക്ഷെ ഫിലിം ഫെസ്റ്റിവലുകളില്‍ എങ്ങനെയാണു ആയാള്‍ ആവര്‍ത്തിച്ച് ആദരിക്കപ്പെടുന്നത്? മറ്റു രാജ്യങ്ങളുടെ മികച്ച പടങ്ങളെ ഈച്ച കോപ്പിയടിച്ച് നടക്കുന്ന ഈ വ്യാജനെ എന്തുകൊണ്ട് ലോകസിനിമകള്‍ മാറ്റുരയ്ക്കുന്ന വിഭാഗങ്ങളില്‍ പോലും അനായാസം കടത്തിവിടുന്നു? Come on , we need to talk about plagiarism – കോഴിയെ പോത്താക്കുന്ന മഹാസംവിധാനം!’

ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുല്‍ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ സിനിമകളാണ് ലിജോ നേരത്തെ സംവിധാനം ചെയ്തിരുന്നത്. ജെല്ലിക്കെട്ട് ലിജോയുടെ ഏഴാമത്തെ ചിത്രമാണ്.

നോവലിസ്റ്റ് എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി.

Top