jellikettu protest tamilnadu

ചെന്നൈ: ജല്ലിക്കെട്ട് സമരത്തിനെതിരെയുള്ള പൊലീസ് നടപടിയില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ചെന്നൈ ഐസ്ഹൗസ് പൊലീസ് സ്റ്റേഷന് സമരക്കാര്‍ തീയിട്ടു. ജെല്ലിക്കെട്ട് സമരക്കാര്‍ക്കും 30 പൊലീസുകാര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.

അതേസമയം പോലീസ് നടപടിയില്‍ ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സമരം സമാധാനപരമായിരുന്നില്ലെയെന്നും സമരക്കാര്‍ക്കെതിരെ എന്തിനായിരുന്നു പോലീസ് നടപടിയെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചു. സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അലങ്കനെല്ലൂരില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷന് തീയിട്ടത്. ചെന്നൈയില്‍ പലയിടത്തും പൊലീസുകാരും സമരക്കാരും തമ്മില്‍ സംഘര്‍ഷം തുടരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിയമസഭ പ്രത്യേക സമ്മേളനം വൈകിട്ട് അഞ്ചിന് ചേരും.

സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.

തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുത്തു. പൊലീസ് അടുത്തേക്ക് എത്തിയാല്‍ കടലിലേക്ക് ചാടുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി.

എന്നാല്‍ പ്രക്ഷോഭത്തില്‍നിന്ന് ഒരുവിഭാഗം പിന്മാറി. നിലവിലുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് തൃപ്തികരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സമരം തുടരുന്നതിനുപിന്നില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവെയ്ക്കുകയാണെന്നും അവര്‍ അറിയിച്ചു.

അതേസമയം തമിഴ്‌നാട് നിയമസഭയില്‍ ജെല്ലിക്കെട്ട് ബില്‍ പാസായി. നിലവില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായി ബില്‍ അവതരിപ്പിച്ചതോടെയാണ് ഇത് നിയമമായി മാറിയത്. ഓര്‍ഡിനന്‍സിന് പകരമായി നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നു.

ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടി ഡിഎംകെ നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചു. സമരക്കാരെ രാവിലെ തന്നെ പൊലീസ് നേരിട്ടത് നിരാശാജനകമാണെന്ന് ഡിഎംകെ വര്‍ക്കിംഗ് സെക്രട്ടറി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. മറീന ബീച്ചില്‍ നിന്ന് സമരക്കാര്‍ ഒഴിഞ്ഞു പോകാന്‍ തയാറായിരുന്നു. ഇതിനിടെയാണ് പൊലീസ് നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ടില്‍ പൊലീസ് നടപടിയെ എതിര്‍ത്ത് നടന്‍ കമല്‍ഹാസന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സമരത്തെ ബലം പ്രയോഗിച്ച് എതിര്‍ക്കാനുള്ള പൊലീസിന്റെ ശ്രമം ഗുണം ചെയ്യില്ലന്ന് കമലഹാസന്‍ പ്രതികരിച്ചു.

ജെല്ലിക്കെട്ട് വിഷയത്തില്‍ പൊലീസ് നടപടിയില്‍ അപലപിച്ച് സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇതല്ല പോംവഴി എന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

Top