മധുര: പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ കാള വിരണ്ടോടി രണ്ട് പേര്‍ മരണപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. മത്സരം കാണാനെത്തിയ ഇല്ലുപുര സ്വദേശി രാമു (32), ത്രിച്ചി സ്വദേശി സതീഷ് കുമാര്‍ (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി സി വിജയഭാസ്‌കറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 1354 കാളക്കൂറ്റന്‍മാരെയും 424 ആളുകളെയുമാണ് മത്സരത്തിനായി ഇറക്കിയത്.
2000 കാളകളെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും അത് നടന്നില്ല. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം കാളകളെ പങ്കെടുപ്പിച്ച് നടത്തിയ ജെല്ലിക്കെട്ട് എന്ന പ്രസക്തി നേടിയെടുക്കാനായിരുന്നു സംഘാടകരുടെ പദ്ധതി.
ജെല്ലിക്കെട്ട് മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും അത്ര സുരക്ഷിതമായ വിനോദമല്ല അതെന്നും ചൂണ്ടിക്കാട്ടി 2014 ല്‍ മത്സരം നിര്‍ത്തലാക്കാന്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കാളയെ ഉപദ്രവിക്കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. വലിയ വിവാദങ്ങളെ തുടര്‍ന്ന് നിയമഭേദഗതിയിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ 2017 ല്‍ ജെല്ലിക്കെട്ട് നിയമവിധേയമാക്കുകയാണ് ഉണ്ടായത്.