ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട യുവ ബാറ്റര്‍ ജമീമ റോഡ്രിഗസ് ഹോക്കി കളിക്കാനൊരുങ്ങുന്നു. ഒരു ടീമില്‍ അഞ്ച് പേര്‍ വീതം അണിനിരക്കുന്ന റിങ്ക് ഹോക്കി ടൂര്‍ണമെന്റിലാണ് താരം കളിക്കുക. ടൂര്‍ണമെന്റില്‍ യുകെ യുണൈറ്റഡിന്റെ താരമാണ് ജമീമ. ബാന്ദ്രയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിനായി മുന്‍പ് ഹോക്കി കളിച്ചിട്ടുള്ള താരം മുംബൈ, മഹാരാഷ്ട്ര അണ്ടര്‍ 17 ടീമുകളിലും കളിച്ചിരുന്നു. പിന്നീടാണ് താരം ക്രിക്കറ്റിലേക്ക് മാറിയത്.
21 വയസ്സുകാരിയായ ജമീമ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. ദേശീയ ജഴ്‌സിയില്‍ 21 ഏകദിനങ്ങളും 50 ടി-20കളും കളിച്ച താരം യഥാക്രമം 394, 1055 റണ്‍സുകളാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.
കൊവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച അഞ്ച് ഏകദിനങ്ങളിലെ മോശം പ്രകടനങ്ങളാണ് ജമീമയുടെ സ്ഥാനം തെറിപ്പിച്ചത്. 1, 9, 0, 8, 4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. പിന്നീട് ദി ഹണ്ട്രഡിലും വനിതാ ബിഗ് ബാഷിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവതാരം ടി-20 ടീമില്‍ ഇടംപിടിച്ചെങ്കിലും ഏകദിന മത്സരങ്ങളില്‍ കളിച്ചില്ല. പകരം കളിച്ച യസ്തിക ഭാട്ടിയ അവസരം മുതലാക്കുകയും ചെയ്തു.