തിരുവനന്തപുരം : കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിനെകുറിച്ച് വിവരം നൽകുന്നവർക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ജെസ്നയെ ബംഗളൂരുവിലെ ആശ്വാസഭവനിൽ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി പോലീസ് അന്വേഷണംതുടരുകയാണ്.
എന്നാൽ, ജെസ്ന അവിടങ്ങളിൽ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.മൊഴി നൽകിയ പൂവരണി സ്വദേശി ഇതിൽ ഉറച്ചു നിൽക്കുന്നതാണു പോലീസിനെ കുഴയ്ക്കുന്നത്. ബംഗളൂരുവിൽ ജെസ്ന എത്തിയിരുന്നതായാണ് അവിടെയുള്ളവർ പറയുന്നത്. പൂവരണി സ്വദേശി ജെസ്നയുമായി സംസാരിച്ചതായും ഒപ്പം തൃശൂർ സ്വദേശിയായ യുവാവുമുണ്ടായിരുന്നുവെന്നുമാണു ലഭിച്ച മൊഴി.
വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാർഥിനിയുമായ ജെസ്ന കഴിഞ്ഞ മാർച്ച് 22നാണ് വീട്ടിൽനിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാൻഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈൽ ഫോണോ എടിഎം കാർഡോ കുട്ടിയുടെ കൈവശമുണ്ടായിരുന്നില്ല.