വിജയവാഡ: റേഷന്‍ കാര്‍ഡിന്റെ പുറംചട്ടയില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത സംഭവത്തില്‍ ഡീലര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് ഓഫീസര്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് ഓഫീസ് അറിയിച്ചത്.
ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനം നേരിടുന്ന വൈഎസ്ആര്‍ സര്‍ക്കാരിനെ പരിഹസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പൊലീസ് സംശയമുന്നയിക്കുന്നു. ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ക്രിസ്തുമത വിശ്വാസിയാണ്.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ എം മംഗാദേവി എന്ന വനിതാ വ്യാപാരിയുടെ പേരിലുള്ള റേഷന്‍ ഷോപ്പിലാണ് ഈ കാര്‍ഡ് ഉള്ളത്. മംഗാദേവിയുടെ ഭര്‍ത്താവ് എം സത്യനാരായണ ടിഡിപി അംഗമാണ്. വിദ്വേഷപ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
ഇത്തരത്തില്‍ റേഷന്‍ കാര്‍ഡുകളില്‍ വ്യത്യസ്ത ചിത്രം പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായോന്നുമല്ല. 2016 ല്‍ ഇതേ വ്യക്തി റേഷന്‍കാര്‍ഡില്‍ സായിബാബയുടെ ചിത്രം പ്രിന്റ് ചെയ്തിരുന്നു. 2017ലും 2018ലും സമാനമായ രീതിയില്‍ ഇയാള്‍ റേഷന്‍ കാര്‍ഡില്‍ സായി ബാബയുടെയും ബാലാജിയുടെയും ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു.