ബംഗ്ലുരു: കര്‍ണാടകത്തില്‍ ക്രിസ്തു പ്രതിമ നീക്കം ചെയ്തത നടപടി മതസൗഹാര്‍ദം തകര്‍ക്കാനുളള ആസൂത്രിത നീക്കമെന്നാണ് ബെംഗളൂരു അതിരൂപത. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ക്രിസ്തു പ്രതിമ പൊളിച്ച് നീക്കിയത്. ദേവനഹളളിയില്‍ സെന്റ് ജോസഫ് പളളിക്കടുത്തുളള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്.
ദേവനഹളളിയില്‍ പ്രതിമ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ പ്രതിഷേധവും നടന്നു. തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ പൊലീസിന്റേയും റവന്യൂ ഉദ്യോഗസ്ഥരുടേയും സംഘമെത്തി പ്രതിമ പൊളിച്ചുനീക്കിയത്. യേശുക്രിസ്തുവിന്റെയും 14 കുരിശുകളുമാണ് പൊളിച്ച് നീക്കിയത്.
‘ആ ഭൂമി നിയമപരമായി സഭയ്ക്ക് സര്‍ക്കാര്‍ നല്‍കിയതാണ്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്, ഞങ്ങളെ കേള്‍ക്കാന്‍ പോലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ പ്രതിമ വലിച്ചുകീറി ക്രോസ് ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്.”ബാംഗ്ലൂരിലെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.
40 വര്‍ഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉള്‍പ്പെടുന്ന നാലരയേക്കര്‍ ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പതിച്ചുതന്നതാണെന്നും ബംഗളൂരു അതിരൂപത പറയുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി കത്തോലിക്കര്‍ 4.5 ഏക്കര്‍ ഭൂമി ശ്മശാനത്തിനും വേ ഓഫ് ദി ക്രോസ് പോലുള്ള നോമ്പുകാലങ്ങള്‍ക്കും പ്രദേശവാസികളുടെ എതിര്‍പ്പില്ലാതെ ഉപയോഗിക്കുന്നുണ്ടെന്ന് അതിരൂപത മാധ്യമ കമ്മീഷനിലെ പിതാവ് സിറില്‍ വിക്ടര്‍ ജോസഫ് പറഞ്ഞു.
പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ദേവനഹളളി തഹസില്‍ദാര്‍ തയ്യാറായില്ല.