ജെറ്റ് എയര്‍വെയ്സ് സര്‍വീസുകൾ പുനരാംരംഭിയ്ക്കുമെന്ന് സൂചന

AIR

ന്യൂഡൽഹി: രാജ്യത്ത് മദ്ധ്യവേനൽ മുതൽ ജെറ്റ് എയര്‍വെയ്സ് സര്‍വീസുകൾ പുനരാംരംഭിയ്ക്കുമെന്നു റിപ്പോര്‍ട്ട്. ദേശീയ കമ്പനി ലോ ട്രിബ്യൂണലിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഇന്ത്യയിലും രാജ്യാന്തര റൂട്ടുകളിലും ജെറ്റ് എയര്‍വെയ്സ് സര്‍വീസ് പുനരാരംഭിച്ചേക്കും. ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളെയും കോര്‍ത്തിണക്കിയാകും സര്‍വീസ്.

അതേസമയം ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നിലവിലെ 2.0 ജെറ്റ് ഹബുകൾ അതുപോലെ തുടരും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏവിയേഷൻ മേഖലയിലുണ്ടായിരുന്ന പ്രതിസന്ധി നീങ്ങി തുടങ്ങിയതാണ് സര്‍വീസുകൾ പുനരാരംഭിയ്ക്കാൻ കമ്പനിയെ പ്രേരിപ്പിയ്ക്കുന്നത്. കടക്കെണിയിൽ ആയിരുന്ന എയര്‍ലൈൻ പ്രവര്‍ത്തനങ്ങൾ സുഗമമാക്കുന്നതിനും നഷ്ടം കുറയ്ക്കുന്നതിനുമുള്ള പുതിയ പദ്ധതികളും ആവിഷ്കരിച്ചേക്കും.

ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സംരംഭകനായ മുരാരി ലാൽ ജലാനും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കൽറോക്ക് ക്യാപിറ്റൽ എന്ന കമ്പനിയും നേതൃത്വം നൽകുന്ന കൺസോര്‍ഷ്യമാണ് പുനസംഘടനാ പ്രവര്‍ത്തനങ്ങൾ പ്രഖ്യാപിച്ചത്. ഏവിയേഷൻ രംഗത്ത് 25 വര്‍ഷത്തെ പൈതൃകമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. 2019 ഏപ്രിൽ മുതലാണ് ജെറ്റ് എയര്‍വെയ്‍സ് പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവച്ചത്.

Top