ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനത്തിന് ജര്‍മ്മന്‍ എയര്‍ ഫോഴ്‌സിന്റെ ഒരു കൈ സഹായം. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രക്കിടെ അശയവിനിമയ ബന്ധം നഷ്ടമായ വിമാനത്തിനാണ് ലോകത്തിലെ പ്രമുഖ സൈനിക ശക്തിയായ ജര്‍മ്മനിയുടെ എയര്‍ ഫോഴ്‌സ് രക്ഷകരായത്.
330ല്‍ അധികം യാത്രക്കാരുമായി മുംബൈയില്‍നിന്നു ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കു പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് 9 ഡബ്ല്യൂ118 എന്ന വിമാനത്തിത്തിനാണ് ജര്‍മന്‍ വ്യോമമേഖലയിലെ എയര്‍ ട്രാഫിക് കണ്‍ട്രാളുമായ ബന്ധം നഷ്ടമായത്.
സ്ലൊവോക്യന്‍ എടിസിയില്‍ നിന്ന് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) നിന്ന് പ്രേഗിലെ എടിസിക്ക് വിമാനത്തിന്റെ നിയന്ത്രണം കൈമാറുന്നതിനിടെയാണ് ബോയിംഗ് 777 വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഇതോടെ ദിശയറിയാതെ വിമാനം പറക്കാനാരംഭിച്ചു. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെന്ന ആശങ്കയില്‍ ജര്‍മ്മന്‍ വ്യോമസേന ഉടനെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വേഴ്സിനടുത്തേക്ക് അയച്ചു.
യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനവുമായി ബന്ധപ്പെടുകയും സിഗ്‌നല്‍ നഷ്ടപ്പെട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് അവയ്ക്ക് മുന്‍പേ പറക്കുകയുമായിരുന്നു. അല്‍പസമയത്തിന് ശേഷം വിമാനം എടിസിയുമായുള്ള ബന്ധം പുനസ്ഥാപിച്ചതോടെ വ്യോമസേന വിമാനങ്ങള്‍ പിന്‍വാങ്ങി.
ജെറ്റ് എയര്‍വേയ്സ് വിമാനം യാത്ര തുടരുകയും സുരക്ഷിതമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. യാത്രാവിമാനത്തിന്റെ പൈലറ്റ് തെറ്റായ ഫ്രീക്വന്‍സി ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിബ്രുവരി 14-ന് നടന്ന സംഭവം ഇപ്പോള്‍ ആണ് പുറത്തുവരുന്നത്. യുദ്ധവിമാനങ്ങള്‍ യാത്രവിമാനത്തിന് വഴികാട്ടുന്ന ദൃശ്യങ്ങള്‍ എവിയേഷന്‍ ഹെറാള്‍ഡ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.