നെടുമ്പാശേരി: നവംബര്‍ അഞ്ചു മുതല്‍ മുംബൈയില്‍നിന്നു ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് ജെറ്റ് എയര്‍വേയ്‌സ് നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നു. തിങ്കള്‍, വ്യാഴം, ശനി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ നാലു ദിവസമാണ് മാഞ്ചസ്റ്ററിലേക്ക് മുംബൈയില്‍നിന്നും നേരിട്ടു നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്തുക. ഇന്ത്യയ്ക്കും യുകെയ്ക്കുമിടയില്‍ ജെറ്റ് എയര്‍വേയ്‌സ് നടത്തുന്ന അഞ്ചാമത്തെ നേരിട്ടുള്ള വിമാന സര്‍വീസായിരിക്കും ഇത്.
മുംബൈയില്‍ നിന്ന് പ്രാദേശിക സമയം 2.30ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9ഡബ്ല്യു 130) മാഞ്ചസ്റ്ററില്‍ പ്രാദേശിക സമയം 7.55ന് എത്തിച്ചേരും. തിരിച്ച് മാ ഞ്ചസ്റ്ററില്‍ നിന്ന് പ്രാദേശിക സമയം 9.35ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9ഡബ്ല്യു 129) മുംബൈയില്‍ പുലര്‍ച്ചെ 12.40 ന് എത്തിച്ചേരും.
254 സീറ്റുകളുള്ള എ 330200 എയര്‍ബസാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ആഴ്ചയില്‍ എണ്ണായിരത്തിലധികം സീറ്റുകളാണ് തങ്ങള്‍ അതിഥികള്‍ക്കായി ലഭ്യമാക്കുന്നതെന്ന് ജെറ്റ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു. ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രയോജനകരമായിരിക്കുമിതിതെന്നും അദ്ദേഹം വ്യക്തമാക്കി.