വിവാഹമോചനത്തിന് തടസ്സമാവുന്ന പഴക്കമുള്ള നിയമം;ന്യൂയോര്‍ക്കില്‍ ജൂത സ്ത്രീകളുടെ കിടപ്പറ സമരം

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ കിര്‍യാസ് ജോവയില്‍ ജൂത സ്ത്രീകളുടെ കിടപ്പറ സമരം. വിവാഹമോചനത്തിന് തടസ്സമാവുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൂത നിയമം സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും ഇത് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടുമാണ് സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യം.

നിലവിലെ മത നിയമപ്രകാരം ഭര്‍ത്താവിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് വിവാഹമോചനം സാധ്യമാവൂ. ഇത് പല സ്ത്രീകളെയും അസന്തുഷ്ടവും ചൂഷണം നിറഞ്ഞതുമായ ദാമ്പത്യത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ഗാര്‍ഹിക പീഡന പരാതി പോലീസില്‍ നല്‍കാന്‍ വരെ മതപുരോഹിതരുടെ അനുമതി വേണമെന്ന തരത്തില്‍ സ്ത്രീ വിരുദ്ധമാണ് ഇതിലെ നിയമങ്ങള്‍. സമരത്തിലൂടെ ഭര്‍ത്താക്കന്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും വലിയ നിയമപരിഷ്‌കരണങ്ങളിലേക്കുള്ള ചര്‍ച്ചകള്‍ക്ക് അത് വഴിവെക്കുമെന്നുമാണ് സമരക്കാരുടെ പ്രതീക്ഷ.

സമരക്കാരുടെ മുഖമായ 29കാരിയായ മാല്‍ക്കി ബെര്‍ക്കേവിറ്റ്സ് നാല് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ടിട്ട്. എന്നാലിതുവരെയും അവര്‍ക്ക് വിവാഹമോചനം ഭര്‍ത്താവ് നല്‍കിയിട്ടില്ല. മാല്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗത്യന്തരമില്ലാതായതോടെയാണ് നിയമ പരിഷ്‌കരണം ആവശ്യപ്പെട്ട് ഭര്‍ത്താക്കന്‍മാര്‍ക്ക് ലൈംഗികത നിഷേധിച്ചുള്ള സമരത്തിലേക്ക് സ്ത്രീകള്‍ പ്രവേശിച്ചത്. അതേസമയം സമരത്തിനിറങ്ങിയ സ്ത്രീകള്‍ വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് സമൂഹത്തില്‍ നിന്ന് നേരിടുന്നത്. ചില സ്ത്രീകള്‍ക്ക് നേരെ ചീമുട്ടയേറ് വരെയുണ്ടായി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തേജോവധവും നടക്കുന്നുണ്ട്.

Top