റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗാറില്‍ ഒരു കൂട്ടം തെരുവ് നായ്കള്‍ ചേര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കടിച്ചു കൊന്നു. ചൊവാഴ്ചയായിരുന്നു സംഭവം നടന്നത്.
ഉച്ചയ്ക്ക് വീടിന് പുറത്തേക്ക് മൂത്രമൊഴിക്കാന്‍ പോയ കുട്ടിയെ ഒരു കൂട്ടം നായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.ആക്രമണം നടക്കുമ്പോള്‍ പരിസരത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. കൂട്ടമായി എത്തിയ നായകള്‍ കുട്ടിയെ വളഞ്ഞിട്ട് കടിച്ചു.
നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തെരുവ് നായ്കള്‍ക്കളെ തുരത്താനുള്ള നടപടികള്‍ ഉടനെടുക്കുമെന്നും മരിച്ച കുട്ടിയുടെ വീട്ടില്‍ ഉടന്‍ തന്നെ കക്കൂസ് നിര്‍മിച്ച് നല്‍കുമെന്നും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
കേരളത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ പല സംസ്ഥാനത്തും തെരുവ് നായ്ക്കളെ കൊണ്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ സ്ത്രീയെ ഒരു കൂട്ടം നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ച് കൊന്നിരുന്നു.