റാഞ്ചി: കേന്ദ്ര ഏജൻസികളുടെ വെല്ലുവിളികൾക്കെതിരെ പ്രതികരിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ‘ഞാൻ കുറ്റക്കാരനാണെങ്കിൽ എന്തിന് എന്നെ ചോദ്യം ചെയ്തിരിക്കണം, നിങ്ങൾ സാധിക്കുമെങ്കിൽ വന്ന് അറസ്റ്റ് ചെയ്യൂ’ ഹേമന്ത് സോറൻ പറഞ്ഞു. അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങൾ ട്രൈബൽ മുഖ്യമന്ത്രിയെ അവഹേളിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
‘എതിർശബ്ദമുയർത്തുന്നവരെ ഒതുക്കാനുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗമാണിത്’ പാർട്ടി അണികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഈ ഗൂഢാലോചനക്ക് തക്കതായ മറുപടി ലഭിക്കുമെന്ന് ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ആരോപിതനായ അദ്ദേഹം വ്യക്തമാക്കി.
കേസിൽ ഇ.ഡിയുടെ റാഞ്ചിയിലെ പ്രാദേശിക ഓഫീസിൽ ഇന്ന് എത്താൻ അദ്ദേഹത്തോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം എത്തിയിരുന്നില്ല. ഇതേസമയത്താണ് അദ്ദേഹം ജാർഖണ്ഡ് മുക്തി മോർച്ച അണികളെ അഭിസംബോധന ചെയ്തത്. കോൺഗ്രസുമായി ചേർന്നാണ് ജാർഖണ്ഡ് മുക്തി മോർച്ച സംസ്ഥാനം ഭരിക്കുന്നത്.
അതേസമയം, ബിജെപിയുടെ പരാതിയെ തുടർന്ന് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുന്ന അവസ്ഥയിലാണ് ഹേമന്ത് സോറൻ. ഭരണത്തിലിരിക്കെ 2021ൽ സ്വന്തമായി ഖനനാനുമതി നേടിയെന്ന ആരോപണത്തിലാണ് നടപടി നേരിടുന്നത്. വിഷയത്തിൽ സോറനെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നുവെങ്കിലും ഗവർണർ രമേഷ് ബയ്‌സ് നടപടിയെടുത്തിട്ടില്ല.