ജാർഖണ്ഡിലെ വിജയം കണ്ട് ‘പനിക്കണ്ട’ ഉള്ള എം.എൽ.എമാർ ഒപ്പം നിൽക്കുമോ ?

ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്സ് അഹങ്കരിക്കരുത്. കാരണം ഇത് നിങ്ങളുടെ മാത്രം ശക്തികൊണ്ടു നേടിയ വിജയമല്ല. മഹാസഖ്യത്തിന്റെ വിജയമാണ്. കരുത്ത് കാട്ടിയത് ജെഎംഎം നേതാവ് ഹേമന്ത് സോറനാണ്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതും ജെഎംഎമ്മാണ്.

ഒറ്റക്ക് മത്സരിച്ചിരുന്നു എങ്കില്‍ കോണ്‍ഗ്രസ്സിന്റെ പൊടിപോലും ഇവിടെ കാണുമായിരുന്നില്ല. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച – രാഷ്ട്രീയ ജനതാദള്‍ സഖ്യമാണ് കോണ്‍ഗ്രസ്സിനെ ശരിക്കും തുണച്ചിരിക്കുന്നത്.

UDF

UDF

ഇപ്പോള്‍ നേടിയ ഈ മേധാവിത്വം ഉറപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി ഭരണം. നിലവില്‍ ജാര്‍ഖണ്ഡിലെ പിസിസി പ്രസിഡന്റ് തന്നെ പാര്‍ട്ടി വിട്ട സാഹചര്യമാണുള്ളത്.

ശൂന്യതയില്‍ നിന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മിടുക്കരാണ് ബി.ജെ.പി നേതൃത്വം. അമിത് ഷാ തന്നെ നേരിട്ട് പല തവണ അത് തെളിയിച്ചിട്ടുമുണ്ട്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ റാഞ്ചിയാണ് ബി.ജെ.പി ഇപ്പോള്‍ ഭരിക്കുന്നത്. റാഞ്ചിയവരെ രാജി വയ്പ്പിച്ച് ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ജെ.ഡി.എസുമായി കൂട്ട് ചേര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത് എങ്കില്‍ കര്‍ണ്ണാടകയില്‍ ഇത്തവണ താമര വിരിയില്ലായിരുന്നു.

അധികാര മോഹികളുടെ കൂട്ടമാണിപ്പോള്‍ കോണ്‍ഗ്രസ്സും ജെ.ഡി.എസും. അവര്‍ക്കിടയിലെ ഈ അധികാര തര്‍ക്കം തന്നെയാണ് കര്‍ണ്ണാടക കൈവിടാനും കാരണമായിരിക്കുന്നത്.

ബി.ജെ.പി അല്ല കര്‍ണാടകയില്‍ ഭരിക്കുന്നതെങ്കില്‍ മംഗളുരുവില്‍ വെടിവയ്പ്പ് തന്നെ ഉണ്ടാവില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ മണ്ണില്‍ വീണ ചോര തുള്ളികള്‍ക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസ്സ് കൂടിയാണ്. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

പണവും പദവിയും വാഗ്ദാനം ചെയ്താല്‍ അതിനൊപ്പം പോകുന്ന ജനപ്രതിനിധികളാണ് കോണ്‍ഗ്രസ്സിന്റെ ശാപം.

രാജ്യത്തെ എല്ലാ സംസ്ഥാനത്തും ഖദര്‍ ഇത്തരത്തില്‍ കാവിയണിഞ്ഞിട്ടുണ്ട്.എന്തിനേറെ കേരളത്തില്‍ മുന്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടി തന്നെ കാവിക്ക് അത്ഭുതക്കുട്ടിയായി മാറിക്കഴിഞ്ഞു.

പ്രത്യയശാസ്ത്രപരമായ അടിത്തറയും സംഘടനാപരമായ കെട്ടുറപ്പും ഇല്ലാതെ കേവലം ഒരു ആള്‍ക്കൂട്ടമായാണ് കോണ്‍ഗ്രസ്സ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പാര്‍ട്ടിയേക്കാള്‍ സ്‌നേഹം പദവികളോടും പണത്തിനോടുമാണ്.

പേയ്മന്റ് സീറ്റില്‍ വിജയിക്കുന്നവര്‍ക്ക് ഇത്തരം നിലപാട് സ്വാഭാവികവുമാണ്. പണം നല്‍കിയാല്‍ സീറ്റ് നല്‍കുന്ന ഏര്‍പ്പാടാണ് ആദ്യം കോണ്‍ഗ്രസ്സ് അവസാനിപ്പിക്കേണ്ടത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹാ സഖ്യം ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും അത് എത്ര നാള്‍ നിലനില്‍ക്കും എന്നത് കണ്ടു തന്നെ അറിയണം.

പണത്തിനും പദവിക്കും മീതെ എം.എല്‍.എമാര്‍ പറന്നാല്‍ മാത്രമേ മഹാ സഖ്യ സര്‍ക്കാര്‍ നില നില്‍ക്കുകയൊള്ളു.

ബി.ജെ.പിയെ സംബന്ധിച്ച് അവര്‍ കേന്ദ്രത്തിലെ ശക്തമായ അധികാര കേന്ദ്രമാണ്. അതുകൊണ്ടു തന്നെ ജാര്‍ഖണ്ഡിലും ഒരു അട്ടിമറി പ്രതീക്ഷിക്കുക തന്നെ വേണം.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നതെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല. നിലവിലെ മുഖ്യമന്ത്രിമാര്‍ക്കെതിരെ യുവനിരയില്‍ അതൃപ്തി ശക്തമാണ്. മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത് ജോതിരാദിത്യ സിന്ധ്യയാണ്. ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹവും ശക്തമാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ടുമായി ശക്തമായ ഭിന്നതയിലാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഇവിടെയും സര്‍ക്കാറിനെ മറിച്ചിടാന്‍ തക്കം പാര്‍ത്താണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പിക്ക് ഗ്രീന്‍ സിഗ്‌നല്‍ കൊടുക്കാത്തത് കൊണ്ടു മാത്രമാണ് ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സ് ഭരണം തുടരുന്നത്. ഭരണം എത്ര നാള്‍ എന്ന ചോദ്യത്തിന് ആര്‍.എസ്.എസ് അനുമതി കൊടുക്കും വരെ എന്ന മറുപടിയാണ് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ തന്നെ നല്‍കുന്നത്.

വിപണിയില്‍ ലഭിക്കുന്ന വസ്തുപോലെ വില കൊടുത്ത് വാങ്ങാന്‍ പറ്റാവുന്ന വസ്തുവായി ഒരിക്കലും ഒരു ജന പ്രതിനിധിയും മാറിക്കൂടാ. അത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകണം. ഭൂരിപക്ഷം കിട്ടിയത് കൊണ്ടു മാത്രം പ്രതിപക്ഷത്തിന് സര്‍ക്കാറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയില്ല. രാജ്യത്തെ നിലവിലെ അവസ്ഥ അതാണ്.

പാര്‍ട്ടിയോടും ആ പ്രത്യയശാസ്ത്രത്തോടും അടിയുറച്ച് നില്‍ക്കുന്നവരെയാണ് മത്സരിപ്പിക്കേണ്ടത്. ഒരു സ്വാധീനത്തിനും ജനപ്രതിനിധികള്‍ വഴങ്ങാതിരിക്കണമെങ്കില്‍ അതിന് ആത്മാര്‍ത്ഥതയാണ് വേണ്ടത്. ഖദറിന്റെ അകത്ത് അത് നഷ്ടപ്പെടുന്നത് കൊണ്ടാണ് ബി.ജെ.പിക്ക് കാര്യങ്ങള്‍ ഏറെ എളുപ്പമാകുന്നത്.

കോണ്‍ഗ്രസ്സ് ഉന്നത നേതാക്കള്‍ പോലും ഉത്തരവാദിത്വമില്ലാതെയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരു തോല്‍വി പോലും താങ്ങാന്‍ ശേഷിയില്ലാത്തവനാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒളിച്ചോടിയിരിക്കുന്നത്.

വയനാട്ടില്‍ മുസ്ലീം ലീഗ് കനിഞ്ഞില്ലായിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് തന്നെ കാണില്ലായിരുന്നു.

ഇപ്പോള്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയിലും ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ്സ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ജാര്‍ഖണ്ഡിലെ മുന്നേറ്റം കോണ്‍ഗ്രസ്സിന്റെ മാത്രം അക്കൗണ്ടില്‍ എഴുതി ചേര്‍ക്കാന്‍ പറ്റുന്നതല്ല. മഹാസഖ്യത്തിലെ ഘടകകക്ഷികളാണ് യഥാര്‍ത്ഥത്തില്‍ ഹീറോകള്‍.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാര്‍ ഉണ്ടാക്കിയതിന്റെ ക്രഡിറ്റാകട്ടെ ശരദ് പവാറിനാണ് അവകാശപ്പെട്ടത്. ഇവിടെ സെക്യുലര്‍ പാര്‍ട്ടി എന്ന നില മറന്നാണ് ശിവസേന സര്‍ക്കാറില്‍ കോണ്‍ഗ്രസ്സ് ചേര്‍ന്നിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് നേതാക്കളുടെ പട കാവിയണിഞ്ഞില്ലായിരുന്നു എങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.പി.എ ക്ക് അധികാരം പിടിക്കാമായിരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഹൈക്കമാന്റിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാതിരുന്നതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. ഈ വെല്ലുവിളികള്‍ക്കിടയിലും നൂറിനടുത്ത് സീറ്റ് നേടാന്‍ കോണ്‍ഗ്രസ്സ് – എന്‍.സി.പി സഖ്യത്തിന് കഴിഞ്ഞിരുന്നു എന്നതും നാം ഓര്‍ക്കണം.

അതായത് കോണ്‍ഗ്രസ്സിന്റെ ശത്രു ആ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണെന്ന് വ്യക്തം. ഒരു നിലപാടും ക്രഡിബിലിറ്റിയും ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറി കഴിഞ്ഞു.

മറാത്ത മണ്ണില്‍ അധികാര മോഹം സംസ്ഥാന നേതാക്കള്‍ക്കൊന്നാകെ തലക്ക് പിടിച്ചതാണ് വിചിത്ര സര്‍ക്കാറിന് കാരണമായിരിക്കുന്നത്.

ബി.ജെ.പിക്കെതിരെ മറ്റൊരു ബദലും വളര്‍ന്ന് വരാത്തത് കൊണ്ടു മാത്രമാണ് ഇപ്പോഴും ഒരു വിഭാഗം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത്. അതുകൊണ്ടാണ് ജാര്‍ഖണ്ഡില്‍ പോലും അവരുടെ സഖ്യത്തിന് വിജയിക്കാന്‍ കഴിയുന്നത്.

പക്ഷേ ഈ നിലപാടുമായി എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നത് കോണ്‍ഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.

ഇടതുപക്ഷ മതനിരപേക്ഷ പാര്‍ട്ടികളുടെ ഒരു മുന്നേറ്റം ദേശീയ തലത്തിലുണ്ടായാല്‍ അത് കോണ്‍ഗ്രസ്സിനാണ് വലിയ തിരിച്ചടിയാവുക.

സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളില്‍ പ്രസ്താവനാ യുദ്ധമാണ് കോണ്‍ഗ്രസ്സിപ്പോള്‍ നടത്തി വരുന്നത്. എന്നാല്‍ തെരുവിലിറങ്ങിയാണ് ഇടതുപാര്‍ട്ടികളും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും സമരം ചെയ്യുന്നത്. പ്രതിപക്ഷത്തെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണിത്.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ തന്നെ ഹൈക്കമാന്റ് നിലപാട് പ്രകടമാണ്. രാജ്യം പ്രക്ഷോഭത്തില്‍ തിളച്ച് മറിയുമ്പോള്‍ കൊറിയന്‍ യാത്ര നടത്തിയാണ് രാഹുല്‍ ഗാന്ധി ആഘോഷിച്ചത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡി.രാജയും ബൃന്ദാ കാരാട്ടുമെല്ലാം അറസ്റ്റിലായപ്പോള്‍ സോണിയയുടെ പൊടിപോലും ആ പരിസരത്ത് ആരും കണ്ടിട്ടില്ല.

പേരിന് മാധ്യമങ്ങളില്‍ വരാന്‍ ചില പൊടിക്കൈകള്‍ മാത്രമാണ് നെഹ്‌റു കുടുംബം നിലവില്‍ പ്രയോഗിച്ചു വരുന്നത്.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലും കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയെ കാണാനേയില്ല. അവിടെയും നേതൃത്വപരമായ പങ്കു വഹിച്ചിരിക്കുന്നത് എസ്.എഫ്.ഐയാണ്. കേരളം മുതല്‍ ഡല്‍ഹിവരെ ആ ഉത്തരവാദിത്വം ഭംഗിയായി ആ സംഘടനയിപ്പോള്‍ നിര്‍വ്വഹിക്കുന്നുണ്ട്. സി.പി.എമ്മിന്റെ കരുത്തിനും അപ്പുറമാണ് എസ്.എഫ്.ഐ യുടെ പ്രക്ഷോഭ തീ.

യോജിച്ച പ്രക്ഷോഭത്തിന് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ തയ്യാറാകുമ്പോള്‍ അവിടെയും പാരവയ്ക്കാനാണ് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തില്‍ നിന്നു തന്നെ അക്കാര്യം വ്യക്തമായി കഴിഞ്ഞു.

എല്ലാം രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ കാണാതിരിക്കുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനും നല്ലത്. ഉള്ള സ്ഥാനം പോലും ജനമനസ്സില്‍ നിന്നും പോകാനാണ് അത്തരം നിലപാടുകള്‍ വഴി വയ്ക്കുക. അക്കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Political Reporter

 

Top