ലാലുപ്രസാദ് യാദവിന്റെ ജാമ്യം നീട്ടില്ല, ആഗസ്റ്റ് 30ന് കീഴടങ്ങണമെന്ന് ഹൈക്കോടതി

ജാര്‍ഖണ്ഡ്: കാലിത്തീറ്റ കുംഭകോണക്കേസില്‍ പിടിയിലായ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ അപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ജാമ്യം നീട്ടി നല്‍കണമെന്നായിരുന്നു ലാലുവിന്റെ ആവശ്യം. എന്നാല്‍, അത് നടക്കില്ലെന്നും ഈ മാസം 30ന് തന്നെ ജയിലില്‍ തിരിച്ചെത്തണമെന്നും കോടതി ഉത്തരവിട്ടു.

27 വരെയാണ് നിലവില്‍ ഇദ്ദേഹത്തിന് ജാമ്യം ഉള്ളത്. ആരോഗ്യകാരണങ്ങളാല്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടിത്തരണമെന്നാണ് ലാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ പ്രവേശിപ്പിക്കുമെന്ന് അഭിഭാഷകനായ പ്രഭാത് കുമാര്‍ പറഞ്ഞു.

ശസ്ത്രക്രിയ ചെയ്യാന്‍ മുംബൈയില്‍ ചികിത്സ തേടിയ ലാലുവിന് ജൂണ്‍ 29നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ആഗസ്റ്റ് 14 വരെ ജാമ്യം അനുവദിച്ചത്. പിന്നീടിത്‌ ആഗസ്റ്റ് 27 വരെ നീട്ടി.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് നിലവിലുള്ളത്. ഇതില്‍ നാല് കേസുകളില്‍ വിധി വന്നു. കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഏഴു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചതാണ് ഏറ്റവും ഒടുവില്‍ വന്ന വിധി. ആദ്യ കേസില്‍ ലാലുവിന് അഞ്ചരവര്‍ഷവും രണ്ടാം കേസില്‍ മൂന്നര വര്‍ഷവും മൂന്നാം കേസില്‍ അഞ്ചു വര്‍ഷവും തടവു ശിക്ഷ ലഭിച്ചിരുന്നു.

Top