റാഞ്ചി: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെറും ഒരു രൂപ മാത്രം വേതന വര്‍ധനവ് നടത്തിയ നടപടിക്കെതിരെ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു രൂപ തിരിച്ചയച്ച് തൊഴിലാളികള്‍.
ജാര്‍ഖണ്ഡില്‍ മഹത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ തൊഴിലെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികളാണ് ഈ വേറിട്ട സമരരീതി നടപ്പാക്കിയത്.
തൊഴിലാളി ദിനമായ മെയ് ഒന്നിന് വേതനവര്‍ദ്ധനവ് വരുത്തിയ ഒരു രൂപയാണ് തൊഴിലാളികള്‍ തിരിച്ചയച്ചത്. 11 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വര്‍ധനയാണ് ഇത്. 167 ല്‍ നിന്ന് 168 രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വേതനം വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ ഒറ്റക്കെട്ടായാണ് തൊഴിലാളികള്‍ രംഗത്തെത്തയിരിക്കുന്നത്.
മെയ് 1ന് പ്രതിഷേധ റാലി സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ ഒരു രൂപ നോട്ടുകള്‍ അടക്കം ചെയ്ത നൂറുകണക്കിന് കവറുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിനും അയച്ചു. സര്‍ക്കാരിന്റെ ഈ ഔദാര്യംകൂടാതെ തങ്ങള്‍ ജീവിക്കാന്‍ സാധിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
വന്‍ കിട പദ്ധതികള്‍ക്ക് കോടികള്‍ മുതല്‍മുടക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളെ അവഗണിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.