വിവാഹവിരുന്നിനിടെ മാട്ടിറച്ചി വിളമ്പി; ഗൃഹനാഥന് നേരെ ആള്‍ക്കൂട്ട ആക്രമണം

കൊദെര്‍മ: മകന്റെ വിവാഹസദ്യക്കിടെ മാട്ടിറച്ചി വിളമ്പിയതിന് ന്യൂനപക്ഷ സമുദായക്കാരനായ പിതാവിന് നേരെ ആക്രമണം. ജാര്‍ഖണ്ഡിലെ കൊദെര്‍മയിലാണ് സംഭവം. ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ജുമ്മന്‍ മാലിയന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിവാഹവിരുന്നിനിടെ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് ആളുകള്‍ സംഘം ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായി. നിരവധി വീടുകളും വാഹനങ്ങളും അക്രമിസംഘം തകര്‍ത്തു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു.

Top