പനജി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ക്ലബ് വിട്ടു. തിരികെ ഇന്ത്യയിലേക്കു മടങ്ങാനാണു ജിങ്കാന്റെ തീരുമാനം. താരത്തിന്റെ പഴയ ക്ലബായ എടികെ മോഹന്‍ ബഗാനിലേക്കു തന്നെ ജിങ്കാന്‍ മടങ്ങിയെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താരം ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ എച്ച്എന്‍കെ സിബെനിക്കില്‍ ചേര്‍ന്നത്.
എന്നാല്‍ തുടര്‍ച്ചയായ പരുക്കുകള്‍ കാരണം താരത്തിനു ടീമിനൊപ്പം ഒരു മത്സരത്തിനു പോലും ഇറങ്ങാന്‍ സാധിച്ചില്ല. ജിങ്കാന്‍ ഇന്ത്യയില്‍ തിരികെയെത്തിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സിബെനിക്കുമായുള്ള കരാര്‍ അവസാനിപ്പിച്ച താരം മോഹന്‍ബഗാനില്‍ തന്നെ ചേരുമെന്നു ജിങ്കാനുമായി ബന്ധപ്പെട്ട ചിലര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
നിലവിലെ സീസണിനു വേണ്ടിയുള്ള കരാറായിരിക്കും താരം മോഹന്‍ബഗാനുമായുണ്ടാക്കുക. കഴിഞ്ഞ ഒരാഴ്ചയോളമായി ജിങ്കാന്‍ ഇന്ത്യയിലേക്കു മടങ്ങിവരുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. അതേസമയം മോഹന്‍ബഗാന്‍ പരിശീലകന്‍ ജുവാന്‍ ഫെറാന്‍ഡോ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
2020-21 സീസണില്‍ എടികെ മോഹന്‍ബഗാനൊപ്പം കളിച്ച ശേഷമാണു താരം യൂറോപ്യന്‍ ക്ലബിലേക്കു സാധ്യതകള്‍ തേടി പോയത്. എഎഫ്‌സി കപ്പിന് യോഗ്യത നേടിയിരുന്ന മോഹന്‍ബഗാന് ജിങ്കാനെ ക്ലബില്‍ നിലനിര്‍ത്താനായിരുന്നു താല്‍പര്യം. ക്രൊയേഷ്യന്‍ ക്ലബിനൊപ്പം പരിശീലനം തുടങ്ങിയ താരം ഏതാനും മത്സരങ്ങളില്‍ പകരക്കാരുടെ നിരയിലുണ്ടായിരുന്നു.
എന്നാല്‍ പരുക്കു വില്ലനായെത്തിയതോടെ ക്രൊയേഷ്യ വിടാന്‍ ജിങ്കാന്‍ തീരുമാനിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന താരങ്ങളിലൊരാളായി വളര്‍ന്ന ജിങ്കാന്‍ 2019-20 സീസണ്‍ പരുക്കുകാരണം കളിച്ചിരുന്നില്ല. തിരിച്ചുവരവില്‍ എഐഎഫ്എഫ് പ്ലേയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരമടക്കം സ്വന്തമാക്കിയിരുന്നു.