ന്യൂഡല്‍ഹി: രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് എയര്‍ലൈന്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പുറമെ ഏവിയേഷന്‍ രംഗത്തെ മുതിര്‍ന്നയാളായ വിനയ് ദുബെയും അള്‍ട്രാ ബജറ്റ് എയര്‍ലൈനിന്റെ ഭാഗമാകുന്നുണ്ട്.
35 ദശലക്ഷം ഡോളറാണ് ജുന്‍ജുന്‍വാല നിക്ഷേപിക്കുക. ഇതിലൂടെ അദ്ദേഹത്തിന് 40 ശതമാനം ഓഹരികള്‍ ലഭിക്കും. നാല് വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങളുള്ള കമ്പനിയാവുകയാണ് ഇവരുടെ ലക്ഷ്യം. ജുന്‍ജുന്‍വാലയ്ക്ക് പുറമെ വേറെയും നിക്ഷേപകര്‍ കമ്പനിയില്‍ ഉണ്ടാകും.
ഇന്റിഗോയാണ് ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്ത് ആഭ്യന്തര വിപണിയില്‍ 55 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉള്ള കമ്പനി. മഹാമാരിക്ക് മുന്‍പ് യാത്രക്കാരില്‍ 82 ശതമാനവും മഹാമാരിക്കാലത്ത് യാത്രക്കാരില്‍ 76 ശതമാനവും ബജറ്റ് വിമാനങ്ങളെയാണ് ആശ്രയിച്ചത്. ഇപ്പോഴുള്ളതിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനാണ് ജുന്‍ജുന്‍വാലയും സഹയാത്രികരും ലക്ഷ്യമിടുന്നത്. അങ്ങിനെ വരുമ്പോള്‍ പുതിയ വിമാനക്കമ്പനി വലിയ മാറ്റത്തിന് തുടക്കമിടും എന്നുറപ്പ്.