ജിദ്ദ-കൊച്ചി വിമാനം റദ്ദ് ചെയ്ത സംഭവം: അടിയന്തരമായി ഇടപെടണമെന്ന് നോര്‍ക്ക

തിരുവനന്തപുരം: ജിദ്ദ- കൊച്ചി ചാര്‍ട്ടേഡ് വിമാനം റദ്ദ് ചെയ്ത നടപടി നിരവധി മലയാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദ് ചെയ്തത്. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നും വിമാനത്തിന് യാത്രാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ജിദ്ദയില്‍ നിന്ന് വരുന്ന വിമാനത്തിന് വെള്ളിയാഴ്ച കൊച്ചിയില്‍ ഇറങ്ങാന്‍ മുമ്പ് തന്നെ കേരളം അനുവാദം നല്‍കിയിരുന്നതാണെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ഐഎഎസ് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ട ചാര്‍ട്ടേഡ് വിമാനമാണ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുടങ്ങിയത്. സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ നഗരങ്ങളില്‍ നിന്നും കിമീകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പല യാത്രക്കാരും വിമാനം റദ്ദ് ചെയ്യപ്പെട്ടത് അറിയുന്നത്.

ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതോടെ ബുദ്ധിമുട്ടിലായി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഓരോരുത്തര്‍ക്കും 5,000 ത്തിലധികം രൂപ ചെലവാക്കി എടുത്ത പിസിആര്‍ കൊവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോര്‍ട്ടും ഇതോടെ ഉപയോശൂന്യമായി.

Top