കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ടാ-ഡബിള്‍ എക്സ്സിനിമ കണ്ട് നിരവധി പേരാണ് സംവിധായകനേയും താരങ്ങളേയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പുതുതായെത്തിയിരിക്കുന്നത് രജനികാന്താണ്. ചിത്രത്തെ മനസറിഞ്ഞ് അഭിനന്ദിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കത്ത്് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജും ലോറന്‍സും എസ്.ജെ. സൂര്യയും.
12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പോലൊരു സിനിമ എന്നാണ് രജനികാന്ത് ജിഗര്‍തണ്ട-ഡബിള്‍ എക്‌സിനെ വിശേഷിപ്പിച്ചത്. കാര്‍ത്തിക് സുബ്ബരാജിന്റെ അദ്ഭുതമാര്‍ന്ന നിര്‍മിതി. വ്യത്യസ്തമായ കഥയും പശ്ചാത്തലവും. സിനിമാ ആരാധകര്‍ മുമ്പൊരിക്കലും അനുഭവിക്കാത്ത പുതുമയുള്ള കാഴ്ചാനുഭവം. രാഘവാ ലോറന്‍സിന് ഇങ്ങനെയൊക്കെ അഭിനയിക്കാനാവുമോ എന്ന അദ്ഭുതം മനസിലുണ്ടാക്കി. വില്ലനും കൊമേഡിയനും കാരക്റ്ററും കലര്‍ന്ന വേഷമായിരുന്നു എസ്.ജെ. സൂര്യയുടേതെന്നും രജനി എഴുതി. തമിഴിലെ ഇന്നത്തെ കാലത്തെ നടിഗവേല്‍ എന്നാണ് എസ്.ജെ.സൂര്യയെ രജനികാന്ത് വിശേഷിപ്പിച്ചത്. മുന്‍കാല തമിഴ് നടന്‍ എം.ആര്‍. രാധയെ ആരാധകര്‍ വിളിച്ചിരുന്ന വാക്കാണിത്.
ഛായാഗ്രാഹകന്‍ തിരു, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്താനം, സ്റ്റണ്ട് ഡയറക്ടര്‍ ദിലീപ് സുബ്ബരായനേയും സൂപ്പര്‍താരം അഭിനന്ദിച്ചു. വ്യത്യസ്തമായ സിനിമകള്‍ക്ക് അത്രമേല്‍ വ്യത്യസ്തമായ സംഗീതമൊരുക്കുന്നതില്‍ രാജാവാണ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍. അദ്ദേഹം സംഗീതത്തിലൂടെ ജിഗര്‍തണ്ടയ്ക്ക് ജീവനേകുകയും അതീവ പ്രതിഭാശാലിയായ സംഗീതജ്ഞനാണെന്ന് തെളിയിക്കുകയും ചെയ്തുവെന്നും രജനികാന്ത് എഴുതി.
ചിത്രത്തിന്റെ വിജയത്തോളം രജനിയുടെ വാക്കുകള്‍ തന്നെ ആനന്ദിപ്പിക്കുന്നുവെന്നാണ് രാഘവാ ലോറന്‍സ് കത്ത് പങ്കുവെച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു. കത്തിന് കാര്‍ത്തിക് സുബ്ബരാജും എസ്.ജെ. സൂര്യയും എക്‌സിലൂടെ നന്ദി അറിയിച്ചു. നിമിഷ സജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളില്‍. 2014 ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത ‘ജിഗര്‍തണ്ട’യുടെ തുടര്‍ഭാഗമാണ് ‘ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്’. കതിരേശന്റെ നിര്‍മ്മാണത്തില്‍ ഒരുക്കിയ ആദ്യഭാഗത്തില്‍ സിദ്ധാര്‍ഥ്, ബോബി സിംഹ, ലക്ഷ്മി മേനോന്‍ എന്നിവരാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.