ഗാന്ധിനഗർ : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 182 നിയമസഭാ സീറ്റുകളിൽ 120 സീറ്റും കോൺഗ്രസ് നേടുമെന്ന് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേവാനിയുടെ പ്രതികരണം. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഒരു മാറ്റം അനിവാര്യമയിരിക്കുന്നു. സർക്കാറിനെതിരെ നിശബ്ദമായൊരു തരംഗം ആഞ്ഞടിക്കും. തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനും വിലക്കയറ്റത്തിനും എതിരെ വിധിയെഴുതും. തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വഡ്ഗാമിൽ നിന്ന് രണ്ടാം തവണയാണ് ജിഗ്നേഷ് ജനവിധി തേടുന്നത്. നേരത്തെ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മേവാനി മത്സരിച്ചത്. ഇത്തവണ കോൺഗ്രസ് സീറ്റിൽ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നത്.
അതേസമയം, ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളിൽ മറ്റന്നാൾ ജനം വിധിയെഴുതും. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് മറ്റന്നാൾ ജനവിധിയെഴുതുക. പട്ടേൽ സമരകാലത്ത് കോൺഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ.