ബംഗളൂരു: ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ അര്‍ബന്‍ നക്‌സലായി മുദ്രകുത്തുമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി. പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടിയ ധീരവനിതയായിരുന്നു ഗൗരിയെന്ന് മേവാനി പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കെതിരെയും എല്ലാവരും ഐക്യപ്പെടണം. ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ജിഗ്‌നേഷ് വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം മകനെപ്പോലെയാണ് ഗൗരി ലങ്കേഷ് തന്നെ കരുതിയിരുന്നതെന്നും കര്‍ണാടകയില്‍ വരുമ്പോള്‍ ഗൗരിയുടെ വീട്ടിലല്ലാതെ മറ്റെവിടെയും താമസിക്കാന്‍ അവര്‍ അനുവദിക്കാറില്ലായിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ഗൗരി കൊല്ലപ്പെടുന്നതിന്റെ 14 ദിവസം മുന്‍പ് തങ്ങള്‍ കണ്ടിരുന്നു. ആര്‍.എസ്.എസ് തന്റെ എഴുത്തുകളില്‍ വിറളിപൂണ്ടിരിക്കുകയാണെന്ന് ഗൗരി അന്ന് തന്നോട് പറഞ്ഞിരുന്നെന്നും ജിഗ്‌നേഷ് പറഞ്ഞു.
Me and my Gauri. The shirt i am wearing was gifted by her. We all will miss you Gauri. Cant believe u r not there. pic.twitter.com/rKrhZ0esOJ
— Jignesh Mevani (@jigneshmevani80) September 5, 2018
സര്‍ക്കാരിനോട് യോജിക്കാത്ത ആളുകളുടെ ജീവിതങ്ങള്‍ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണ് ഇന്ന്. രാജ്യത്തെ നിരവധി പുരോഗമനകാരികളുടെയും യുക്തിചിന്തകരുടെയും കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത എന്ന ബി.ജെ.പിയുടെ ഉപസംഘടനയാണെന്നും മേവാനി ആരോപിച്ചു.
ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടിയതിന് കര്‍ണ്ണാടക പൊലീസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.