ന്യൂഡല്‍ഹി : യു.പി സര്‍ക്കാരിന്റെ ആന്റി റോമിയോ സ്‌ക്വാഡിന്റെ യഥാര്‍ത്ഥ ഉദ്ദേശം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണോ അതോ കമിതാക്കളെ ശല്യപ്പെടുത്തുകയാണോയെന്ന് ജിഗ്‌നേഷ് മേവാനി.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘റോമിയോമാരുടെ ശല്യത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നു. ബലാത്സംഗ അതിക്രമങ്ങള്‍ ചെറുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് പെണ്‍കുട്ടികളഉടെ രക്ഷയ്ക്കുള്ളതോ അതോ മറ്റൊരു ജൂംല ആണോ’യെന്നും ജിഗ്‌നേഷ് മേവാനി ചോദിച്ചു.
മൂന്ന് യുവാക്കള്‍ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പതിനേഴ് വയസുകാരിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇതുവരെ അത്യാസന്നനില തരണം ചെയ്തിട്ടില്ല.