തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ സര്‍വീസ് കാലാവധി നീട്ടിനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചു.
ഫെബ്രുവരി 29ന് സര്‍വ്വീസ് കാലാവധി തീരാനിരിക്കവെ ചീഫ് സെക്രട്ടറിയുടെ സര്‍വ്വീസ് കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും ഈ നീക്കം തടയണമെന്നും ആവശ്യപ്പെട്ടാണ് വി.എസിന്റെ കത്ത്.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പാമോയില്‍ അഴിമതിക്കേസിലെ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ പ്രധാനമന്ത്രിക്ക് എഴുതിയിരുന്നതാണ്.
എന്നാല്‍ സുപ്രീം കോടിതി വിധിയും, കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറുകളും കാറ്റില്‍പ്പറത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ ആഗസ്തില്‍ നിയമിച്ചത്.
ഇപ്പോള്‍ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടാനുള്ള ശ്രമം, അഴിമതിക്കാരായ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും വേണ്ടി തെരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കാന്‍ വേണ്ടിയാണ്.
അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ജിജി തോംസണ്‍ വിരമിച്ചതിനു ശേഷവും ചീഫ് സെക്രട്ടറിയായി തുടര്‍ന്നാല്‍, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുതന്നെ അസാധ്യമാകും. ഇത് നാട്ടിലെ ജനാധിപത്യ പ്രക്രിയയ്ക്കു തന്നെ കളങ്കമുണ്ടാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് ജിജി തോംസണിന്റെ കാലാവധി നീട്ടാനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് വി.എസ് പ്രധാനമന്ത്രിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചത്.