മാരുതിയുടെ ജിംനി ഇന്ത്യൻ വിപണിയിലേക്ക് ഉടൻ

ന്ത്യൻ വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് സുസുക്കി ജിംനി. 2018 ൽ ജാപ്പനീസ് വിപണിയിൽ പുതിയ മോഡൽ പുറത്തിറക്കിയതു മുതൽ ജിംനി ഇന്ത്യയിലേക്ക് എന്നായിരുന്നു വാർത്തകൾ . 2020 ല്‍ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ജിംനി പ്രദർശിപ്പിച്ചതോടെ ഉടൻ ഇറങ്ങുമെന്ന പ്രതീക്ഷയിലായി വാഹന ലോകം. എന്നാൽ സുസുക്കിയോ മാരുതിയോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.  ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ ജിംനിയെ എത്തിക്കുന്നത് മാരുതി സുസുക്കി പച്ചക്കൊടി കാട്ടിയിരിക്കുന്നു എന്നാണ് വിവരങ്ങൾ.

കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ച 5 ഡോർ വകഭേദം ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബെയ്സുമുണ്ടാകും. എന്നാൽ എൻജിനിലും ഗിയർബോക്സലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുല്ല.

ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് ജിംനികള്‍ കയറ്റുമതി ചെയ്യുമെന്ന് സുസുക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 2018ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങ്ങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.

600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പി കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

Top