നിങ്ങളെല്ലാം എന്നും എന്റെ കുടുംബമായിരിക്കും; ആരാധകര്‍ക്ക് നന്ദി അറിയിച്ച് ജിംഗാന്‍

ന്യൂഡല്‍ഹി: ഇതുവരെ നല്‍കിയ സ്നേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു നന്ദിയറിയിച്ച് മുന്‍ നായകനും പ്രതിരോധനിരതാരവുമായ സന്ദേശ് ജിംഗാന്‍. ഇതുവരെയുള്ള ഫുട്ബോള്‍ കരിയറിലെ ഏറ്റവും പ്രയാസമേറിയ നിമിഷമാണിതെന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.

‘ഒന്നിച്ച് നമ്മള്‍ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതെല്ലാം ഇനിയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ഓര്‍ക്കും. ഒരു വ്യക്തിയെന്ന നിലയിലും ഫുട്ബോളറെന്ന നിലയിലും എന്റെ വളര്‍ച്ചയ്ക്ക് സഹായകമായത് നിങ്ങളാണ്. നിങ്ങളെല്ലാം എന്നും എന്റെ കുടുംബമായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിനും കേരളത്തിലെ ജനങ്ങള്‍ക്കും എല്ലാ ഭാവുകങ്ങളും. നിങ്ങളുടെ ടീമിനോടുള്ള പിന്തുണ തുടരുക’, ജിംഗാന്‍ കുറിച്ചു.

സന്ദേശ് ജിംഗാന്‍ ക്ലബ്ബ് വിടുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ക്ലബ്ബ് തന്നെയാണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ക്ലബ്ബുമായി വഴിപിരിഞ്ഞ സന്ദേശ് ജിങ്കാനോടുള്ള ആദരസൂചകമായി 21ാം നമ്പര്‍ കുപ്പായം ബ്ലാസ്റ്റേഴ്‌സ് പിന്‍വലിക്കുന്നതായും പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ക്ലബ്ബ് വിട്ടുപോകുമ്പോള്‍ ജേഴ്‌സി പിന്‍വലിക്കുന്നത്.

ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് സന്ദേശ് ജിങ്കാന്‍. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യന്‍ കളിക്കളത്തില്‍ എത്തിയ ജിങ്കാന്‍, സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്ബോളിലെ സുപ്രധാന താരമായാണ് അറിയപ്പെടുന്നത്.

Top