ആകര്‍ഷകമായ ഓഫറുകളുമായി ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്കിലെ ഡേറ്റാ വേഗത കൂപ്പുകുത്തിയെന്ന് ലോകത്തെ മുന്‍നിര സ്പീഡ് ടെസ്റ്റ് ആപ്പ് ആയ ഓക്ല.
പോരായ്മകളുണ്ടെങ്കിലും ഇന്ത്യയിലെ 4ജി മാര്‍ക്കറ്റിനെ മാറ്റി മറിച്ചത് ജിയോ ആണെന്നും ഓക്ല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിലയന്‍സ് ജിയോ അവതരിപ്പിച്ച ശേഷം ഇന്ത്യയിലെ 4ജി യൂസര്‍മാര്‍ നടത്തിയ സ്പീഡ് ടെസ്റ്റ് വിശകലനം ചെയ്താണ് ഓക്ലയുടെ റിപ്പോര്‍ട്ട്.
രാജ്യത്ത് 4ജി സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും ആപ്പ് പറയുന്നു.
ഓക്ലയുടെ സ്പീഡ്‌ടെസ്റ്റ് ആപ്പ് ഉപയോഗിക്കുന്ന യൂസര്‍മാരിലായിരുന്നു പഠനം നടത്തിയത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടും.
സെപ്തംബര്‍ അഞ്ചിന് ശേഷം വെല്‍ക്കം ഓഫര്‍ ഉപയോഗിക്കുന്ന യൂസര്‍മാരുടെ എണ്ണം 1.6 കോടിയാണെന്ന് ജിയോ പറയുന്നു.(സെപ്തംബര്‍ അഞ്ചിന് മുമ്പ് ജിയോ ഉപയോഗിച്ച് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടില്ല)
ഓഗസ്റ്റ് 16 വരെ 4ജി വേഗത പരിശോധിച്ച 4ജി യൂസര്‍മാരുടെ എണ്ണം 80 ലക്ഷം വരും. ഇതില്‍ ഭൂരിഭാഗവും ജിയോ യൂസര്‍മാര്‍ തന്നെ. ഒരു മാസം കഴിഞ്ഞ് സെപ്തംബര്‍ എത്തുമ്പോള്‍ വേഗത പരിശോധിച്ച ജിയോ യൂസര്‍മാരുടെ എണ്ണം മാത്രം 2.1 കോടിയായി ഉയര്‍ന്നു. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണിത്.
എന്നാല്‍ ഈ കുതിപ്പ് സ്പീഡില്‍ ഉണ്ടായില്ലെന്നും ഓക്ല പറയുന്നു. ജിയോക്കുള്ള സ്വീകാര്യത ഓരോ ദിവസവും വര്‍ധിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ നെറ്റ്‌വര്‍ക്ക് വേഗത ക്രമാനുഗതമായി കുറഞ്ഞുവരുകയാണെന്ന യൂസര്‍മാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഓക്ല ചൂണ്ടിക്കാട്ടുന്നു. ഡേറ്റാ വേഗത ഓരോ മാസവും 23 ശതമാനം വരെ താഴേക്ക് കൂപ്പുകുത്തി.
സെപ്തംബറില്‍ ഡൗണ്‍ലോഡ് സ്പീഡ് 11.31Mbps ല്‍ നിന്നും 8.77Mbps ആയി കുറഞ്ഞു. ഇപ്പോഴും ഡൗണ്‍ലോഡ് സ്പീഡ് 8.77Mbps ആണ്. എല്ലാവരുടേയും അവസ്ഥ ഇതുതന്നെ. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്പീഡ് 0.5Mbps ഉം കൂടിയത് 25Mbps ആണെന്നും ഓക്ല പറയുന്നു.
സൗജന്യ സിം, സൗജന്യ ഇന്റര്‍നെറ്റ്, വോയ്‌സ് കോള്‍,എസ്എംഎസ് തുടങ്ങി യൂസര്‍മാരുടെ മനംമയക്കുന്ന ഓഫറുകളുമായി സെപ്തംബര്‍ അഞ്ചിനായിരുന്നു ജിയോയുടെ ലോഞ്ചിങ്ങ്.
മൂന്ന് മാസത്തേക്കാണ് സേവനങ്ങള്‍ സൗജന്യം. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജിയോയുടെ ഏതെങ്കിലും താരിഫുകള്‍ തെരഞ്ഞെടുക്കണം.